മൂവാറ്റുപുഴ: മൂവാറ്റുപുഴ - കൂത്താട്ടുകുളം എം.സി റോഡ് വീണ്ടും കുരുതിക്കളമാകുന്നു. അപകടങ്ങളിൽ വിലപ്പെട്ട നിരവധി ജീവനുകളാണ് ഇവിടെ പൊലിയുന്നത്. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ മാറാടി പള്ളിക്കവലയ്ക്ക് സമീപമുണ്ടായ വാഹന അപകടത്തിൽ നാലുപേർ മരിക്കുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതാണ് അവസാനം നടന്ന അപകടങ്ങൾ.

എം.സി റോഡിൽ ഉന്നക്കുപ്പമുതൽ കൂത്താട്ടുകളംവരെ നിരവധി കൊടുംവളവുകളും ഇടുട്ടുമൂടിയ പ്രദേങ്ങളുമാണ്. പരിചയമില്ലാത്ത സ്ഥലത്തുകൂടി അമിതവേഗതയിൽവരുന്ന വാഹനങ്ങൾ അടുത്തുവരുമ്പോഴാണ് വളവുകാണുന്നത്. ഉടനെ ബ്രേക്കിടുന്നതോടെ വാഹനത്തിന്റെ നിയന്ത്രണം വിടുകയും എതിരെ വരുന്ന വാഹനത്തിൽ ഇടിക്കുകയും ചെയ്യുന്നത് പതിവായി.

 റോഡ് സുരക്ഷാഅതോറിറ്റി ഇടപെടണം

വാഹനാപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ റോഡുസുരക്ഷാ അതോറിറ്റി കാര്യക്ഷമമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ് കഴിഞ്ഞ നാല് വർഷക്കാലത്തിനിടെ ചെറുതും വലുതുമായ അപകടങ്ങളെത്തുടർന്ന് നിരവധിപേരുടെ ജീവനുകളാണ് എം.സി. റോഡിൽ പൊലിഞ്ഞത്. റോഡിലെ വളവുകളാണ് മുഖ്യകാരണം. റോഡപകടങ്ങൾ നിത്യസംഭവമായി മാറുമ്പോൾ ബന്ധപ്പെട്ട വകുപ്പുകൾ കൂട്ടായ്മയിലൂടെ പരിഹാരം കാണണം.

റോഡ് നിർമ്മാണം പൂർത്തിയായ ഘട്ടത്തിൽ സ്ഥാപിച്ച ദിശാബോർഡുകൾ പലതും അപ്രത്യക്ഷമായി. റോഡ് പരിശോധനയിലും അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതിലും ഉൾപ്പെടെ അധികൃതരുടെ അനാസ്ഥ തുടരുകയാണ്. റോഡ് സുരക്ഷാപദ്ധതിയിൽനിന്ന് പണം അനുവദിച്ച് അപകടങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കാമെങ്കിലും നടപടിയില്ല. മോട്ടോർ വാഹനവകുപ്പിന്റെയും പൊലീസിന്റേയും അനാസ്ഥയും അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. അമിതവേഗതയിൽ പോകുന്ന വാഹനം പിടിച്ചെടുക്കുവാനും കനത്ത പിഴചുമത്തുവാനും തയ്യാറായാൽ ഒരുപരിധിവരെ അപകടത്തിന് അറുതി വരുത്താനാകും. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടേയും റോഡിൽ ശക്തമായ വാഹന പരിശോധനയിലൂടേയും വാഹനാപകടങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം പറഞ്ഞു.