പള്ളുരുത്തി: ചെല്ലാനം തീരത്തെ കടൽകയറ്റ പ്രശ്നത്തിന് ഭാഗികമായ പരിഹാരമല്ല സമഗ്രമായ പരിഹാരമാണ് വേണ്ടതെന്ന് ഫാ. പോൾ കൊച്ചിക്കാരൻ പറഞ്ഞു. ചെല്ലാനം കൊച്ചി ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ മാനാശ്ശേരിയിൽ നടന്ന മനുഷ്യ കടൽഭിത്തി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചി തുറമുഖം ഡ്രഡ്ജ് ചെയ്ത് വിൽക്കുന്ന മണ്ണ് ചെല്ലാനം കൊച്ചി തീരത്തെ മണ്ണാണ്. ജനങ്ങളുടെ ജീവന്റെ വിലയാണിത്. ചെല്ലാനം കൊച്ചി തീരം പുനർനിർമിക്കാൻ അധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടൽകയറ്റത്തിന് പരിഹാരമായി സർക്കാർ ആരംഭിച്ചിരിക്കുന്ന പദ്ധതി ചെല്ലാനം ഹാർബർ മുതൽ തെക്കോട്ട് 6.65 കിലോമീറ്റർ നീളത്തിൽ ടെട്രാപോഡ് കടൽഭിത്തി നിർമ്മാണമാണ്. എന്നാൽ 344 കോടി രൂപയുടെ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നതോടൊപ്പം ചെറിയ കടവു മുതൽ സൗദി ബീച്ച് റോഡു വരെയുള്ള പ്രദേശങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തണം.
കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്ത് പുറംകടലിൽ കളയുന്ന എക്കൽ ചെല്ലാനം മുതൽ സൗദി വരെയുള്ള തീര കടലിൽ നിക്ഷേപിച്ച് തീരക്കടലിലെ ആഴം കുറച്ച് തീരം പുനർനിർമ്മിക്കണം. ഓഖി സമയത്ത് പ്രഖ്യാപിച്ച ജിയോ ട്യൂബ് പദ്ധതിയിലെ ശേഷിക്കുന്ന 121എണ്ണം ഉപയോഗിച്ച് 100 മീറ്റർ വീതം നീളമുള്ള 30 പുലിമുട്ടുകൾ നിർമ്മിക്കണം.
2019 ഒക്ടോബർ 29 ന് തുടങ്ങിയ ജനകീയ വേദിയുടെ സമരം 856 ദിവസം പിന്നിട്ടു. കൊച്ചിൻ പോർട്ട് മാർച്ച് ഉൾപ്പെടെ ശക്തമായ സമരവുമായി ജനകീയ വേദി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. വി. ടി. സെബാസ്റ്റ്യൻ, അഡ്വ.തുഷാർ നിർമൽ, ജോസഫ് ജയൻ കുന്നേൽ, മറിയാമ്മ ജോർജ്ജ് കുരിശ്ശിങ്കൽ, സ്റ്റാൻലി കുന്നേൽ, സുജ ഭാരതി, സാവിയോ അത്തിപ്പൊഴി, ക്ലിറ്റസ് പുന്നക്കൽ, ജാൻസി പ്രകാശ്, സാലസ് കുരിശ്ശിങ്കൽ തുടങ്ങിയവർ സംസാരിച്ചു.