കൂത്താട്ടുകുളം: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശ്രീധരീയം കണ്ണാശുപത്രി സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകി ബാത്തിലൂടെ കേരളത്തിലെ ആയുർവേദ ചികിത്സാരംഗത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. കെനിയൻ മുൻ പ്രധാനമന്ത്രി റെയ്ലാ ഓഡിൻഗാ പ്രധാനമന്ത്രിയുമായി സംസാരിക്കുന്നതിനിടെ തന്റെ മകൾക്ക് കൂത്താട്ടുകുളത്തെ ശ്രീധരീയത്തിലെ ആയുർവേദ ചികിത്സകൊണ്ടാണ് കാഴ്ചശക്തി തിരികെ ലഭിച്ചതെന്ന് പറഞ്ഞിരുന്നു.
നേതാക്കൾ ശ്രീധരീയം ചെയർമാൻ എൻ.പി. നാരായണൻ നമ്പൂതിരി, ചീഫ് ഫിസീഷ്യൻ ഡോ. എൻ. നാരായണൻ നമ്പൂതിരി, ഹരി എൻ. നമ്പൂതിരി, ഡോ. ശ്രീകാന്ത് എന്നിവരെ ആദരിക്കുകയും അവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ലോകത്ത് ആയുർവേദത്തിന് നേർക്കാഴ്ചയായി ശ്രീധരീയം മാറിയിരിക്കുന്നുവെന്നും കേരളത്തിലെ ആയുർവേദരംഗത്ത് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതുമാണെന്ന് എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പ്രഭ പ്രശാന്ത്, ജനറൽ സെക്രട്ടറി എം.എസ്. കൃഷ്ണകുമാർ, മുനിസിപ്പൽ സമിതി പ്രസിഡന്റ് അഡ്വ. എം.എ. ജീമോൻ, ജനറൽ സെക്രട്ടറി ടി.ആർ. രാജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.