k-rail
ചൊവ്വര ജങ്കാർ കടവിനോട് ചേർന്നുള്ള ആയുർവേദ ഡിസ്പെൻസറിയിൽ കെ റെയിൽ സർവ്വേക്കല്ലിടൽ നാട്ടുകാർ തടയുന്നു

ആലുവ: കീഴ്മാട് പഞ്ചായത്തിലെ ചൊവ്വരഫെറിയിൽ വൻ പൊലീസ് സന്നാഹവുമായി കെ- റെയിൽ സർവ്വേക്കല്ലിടാനെത്തിയ ഉദ്യോഗസ്ഥസംഘത്തെ നാട്ടുകാർ തടഞ്ഞു. ഇതേത്തുടർന്ന് സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറിയിലും കല്ലിടാനാകാതെ സംഘം മടങ്ങി.

ചൊവ്വരക്കടവിൽ രണ്ട് കല്ലുകൾ സ്ഥാപിച്ചു. പൊതുസ്ഥലത്ത് കല്ലിടുന്നത് തടയുന്നില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. തുടർന്ന് സർക്കാർ ഹോമിയോ ഡിസ്പെൻസറിയുടെ മതിൽ ചാടിക്കടന്ന് കല്ലിടാൻ ശ്രമിച്ചത് നാട്ടുകാർ തടയുകയായിരുന്നു. ഡിസ്പെൻസറിയുടെ ഗേറ്റ് താഴിട്ട് പൂട്ടിയതിനാൽ കെ- റെയിലിന്റെ ജീവനക്കാരൻ മതിൽചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ ആളുകൾ ബഹളംവച്ച് താഴെയിറക്കുകയായിരുന്നു. സമീപത്തെ മറ്റൊരു വീട്ടിലും സർവ്വേ നടത്താൻ ശ്രമമുണ്ടായെങ്കിലും നാട്ടുകാരും വീട്ടുകാരും ചേർന്ന് തടയുകയായിരുന്നു.

2018ലെ പ്രളയദുരന്തം ഏറ്റവും ബാധിച്ച ആലുവ മേഖലയിൽ ഇത്തരമൊരു പദ്ധതിയുമായി വരാൻ ജനദ്രോഹ ഭരണാധികാരികൾക്കേ കഴിയൂവെന്ന് തടയലിന് നേതൃത്വം നൽകിയ ഐക്യദാർഢ്യസമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. ചൊവ്വരക്കടവ്, ആയൂർവേദ ആശുപത്രി, ചൊവ്വര ജംഗ്ഷൻ, കുട്ടമശേരി ഗവ.ഹൈസ്‌കൂളിന് സമീപം എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന കെ- റെയിൽ നിരവധി പാടങ്ങളും തണ്ണീർത്തടങ്ങളും രണ്ടായി മുറിക്കുമെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. ഒരു മാസം മുമ്പ് കീഴ്മാട് പഞ്ചായത്തിൽ ഡോൺ ബോസ്‌കോ ഭാഗത്ത് കല്ലിടാനുള്ള നീക്കം പ്രതിഷേധക്കാർ തടഞ്ഞതിനെത്തുടർന്ന് നടന്നില്ല.
വിവിധ കക്ഷിനേതാക്കളായ പി.എ. മുജീബ്, സനിതാ റഹീം, റസീലാ ഷിഹാബ്, അബൂബക്കർ ചെന്താര, സതീശൻ കുഴിക്കാട്ടുമാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.