
കൊച്ചി: സംരംഭകരേയും സർക്കാർ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് നിക്ഷേപത്തിന് തയ്യാറാകുന്ന പ്രവാസികളെയും പിന്തിരിപ്പിക്കാത്ത തൊഴിൽ സംസ്‌കാരം സൃഷ്ടിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും ആവശ്യപ്പെട്ടു.
കോടതി വഴി സമ്പാദിച്ച തൊഴിൽ കാർഡുള്ളവരെ വ്യാപാരസ്ഥാപനത്തിൽ പണിയെടുക്കാൻ അനുവദിക്കാതെ തൊഴിലവകാശം നിഷേധിച്ചെന്ന പേരിൽ ട്രേഡ് യൂണിയനുകൾ പന്തൽ കെട്ടി സമരം നടത്തുന്നത് പ്രതികൂല സാഹചര്യം സൃഷ്ടിക്കും. ഇതിനെതിരെ ശക്തമായ നടപടി എടുക്കാൻ സർക്കാരിന് സാധിക്കാത്തത് ഖേദകരമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് അവർ പറഞ്ഞു.