കൊച്ചി: വേനൽ കടുക്കുന്നതിന് മുമ്പ് നഗരത്തിന്റെ പലഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. ഗിരിനഗറിലാണ് ( 55-ാം ഡിവിഷൻ) ഏറ്റവും അധികം ജലക്ഷാമം അനുഭവപ്പെടുന്നത്. കെ.പി.വള്ളോൻ റോഡ്, പറമ്പിത്തറ ലെയിൻ, കർഷകറോഡ്, ശക്തി ലെയിൻ തുടങ്ങി ഡിവിഷനിലെ ഭൂരിഭാഗങ്ങളും പ്രദേശങ്ങളും കുടിവെള്ളടാങ്കറിന്റെ സഹായത്താലാണ് പിടിച്ചുനിൽക്കുന്നത്. വടുതല ഈസ്റ്റ്, വടുതല വെസ്റ്റ്, ഇടക്കൊച്ചി, വെണ്ണല, പുതിയ റോഡ് എന്നീ പ്രദേശങ്ങളും കുടിവെള്ളക്ഷാമം കൊണ്ട് നട്ടംതിരിയുകയാണ്. ജലത്തിന്റെ ഉപയോഗം കൂടിയതോടെ എല്ലാ സ്ഥലത്തേക്കും പമ്പ് ചെയ്യാനുള്ള ജലം ആലുവയിൽ നിന്നുള്ള പ്രധാന പൈപ്പ്‌ലൈനിൽ എത്തുന്നില്ലെന്നാണ് ജല അതോറിട്ടിയുടെ വിശദീകരണം. തമ്മനം പമ്പ് ഹൗസിൽ നിന്നാണ് സൗത്തിലേക്ക് വെള്ളമെത്തിക്കുന്നത്. കരിത്തല റോഡിൽ രണ്ട് പ്രധാന പൈപ്പുലൈനുകളിൽ ഒന്നിൽ ജലമില്ല. ഇതുതമ്മിൽ ബന്ധിപ്പിക്കാൻ രണ്ട് ആഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് ജല അതോറിട്ടിയുടെ ന്യായീകരണം.
വെള്ളം കിട്ടാക്കനിയായി തുടരുന്നു
എന്റെ ഡിവിഷനിലെ 80 ശതമാനം പ്രദേശത്തും വെള്ളമില്ല. ഒരു വർഷമായി ഇതാണ് അവസ്ഥ. ദിവസവും 195 ടാങ്കറുകളിൽ ഇപ്പോൾ വെള്ളമെത്തിക്കുന്നുണ്ട്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മേയറും ജല അതോറിട്ടി ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരമായില്ല.
മാലിനി കുറുപ്പ്
ഗിരിനഗർ കൗൺസിലർ
ആവശ്യത്തിന് വെള്ളമില്ല
കൊച്ചിയിലും സമീപപ്രദേശങ്ങളിലുമായി 500 ദശലക്ഷം ലിറ്റർ വെള്ളമാണ് പ്രതിദിനം ആവശ്യമുള്ളത്. എന്നാൽ ആകെ വിതരണം ചെയ്യുന്നത് 400 ദശലക്ഷം ലിറ്റർ വെള്ളം മാത്രമാണ്. ആലുവയിലും മരടിലുമുള്ള പ്രധാന ജലശുദ്ധീകരണശാലകളിൽ നിന്നാണ് ജില്ലയിലെ ആവശ്യങ്ങൾക്കുള്ള വെള്ളമെത്തുന്നത്.
പ്രതിദിനം 225 ദശലക്ഷം ലിറ്റർ ജലം കൈകാര്യം ചെയ്യാൻ ശേഷിയുള്ള ആലുവ പ്ലാന്റിൽ നിന്ന് ഇപ്പോൾ 295 ദശലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്യുന്നു. 100 ദശലക്ഷം ലിറ്റർ കൈകാര്യം ചെയ്യാൻ ശേഷിയുള്ള മരട് പ്ലാന്റിൽ നിന്ന് 75 ദശലക്ഷം ലിറ്റർ ജലമാണ് വിതരണം ചെയ്യുന്നത്.
ജലലക്ഷാമം രൂക്ഷമായതിനെ തുടർന്ന് ചേരാനെല്ലൂർ, പശ്ചിമകൊച്ചി, ഗിരിനഗർ, ചമ്പക്കര തുടങ്ങി പല ഭാഗത്തും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അടുത്തകാലത്ത് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ ഉപരോധിച്ചിരുന്നു.
ജലമോഷണം വ്യാപകമാവുന്നു
ജലഅതോറിട്ടിയെ വലച്ച് കുടിവെള്ള മോഷണവും ദുർവിനിയോഗവും വ്യാപകമാവുന്നു. ജലമോഷണത്തിന്റെ പേരിൽ നാലുജില്ലകൾ ഉൾപ്പെടുന്ന മദ്ധ്യമേഖലയിൽ നിന്ന് ജലഅതോറിട്ടി കഴിഞ്ഞവർഷം പിഴയിനത്തിൽ ഈടാക്കിയത് 10,51,780 രൂപയാണ്. എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ ജില്ലകൾ ഉൾപ്പെടുന്നതാണ് മദ്ധ്യമേഖല. കേസുകളിൽ 80 ശതമാനവും എറണാകുളം ജില്ലയിലാണ്. പൊതു ടാപ്പുകളുടെയും കുടിവെള്ള കണക്ഷനുകളുടെയും ഗുണഭോക്താക്കൾ കൂടുതൽ ഈ മേഖലയിലാണ്.
64 കേസുകളിലായാണ് 10.51 ലക്ഷം രൂപ പിഴ ഈടാക്കിയത്.
കൊച്ചിയിലും സമീപപ്രദേശങ്ങളിലുമായി പ്രതിദിനം ആകെ ആവശ്യമുള്ളത്:
500 ദശലക്ഷം ലിറ്റർ വെള്ളം
ആകെ വിതരണം ചെയ്യുന്നത് :400 ദശലക്ഷം ലിറ്റർ വെള്ളം