കൊച്ചി : മെട്രോ പില്ലറിലുണ്ടായ ചരിവിനെ തുടർന്ന് നിർമ്മാണ കമ്പനിയായ എൽ ആൻഡ് ടിയെ

കരിമ്പട്ടികയിൽപ്പെടുത്തി കേസ് എടുക്കണമെന്ന് ശിവസേന. മെട്രോ റെയിൽ സർവീസ് തുടങ്ങി അഞ്ചുവർഷം തികയുന്നതിനു മുമ്പേയാണ് പത്തടിപ്പാലത്ത് 347 ആം നമ്പർ പില്ലറിൽ ചെരിവ് കണ്ടെത്തിയത്. നിലവാരമില്ലാത്ത പില്ലറുകൾ പണിയുകയും നിർമ്മാണ കമ്പനിയുടെ കൃത്യമായ നിരീക്ഷണം ഇല്ലാത്തത് കൊണ്ടുമാണ് ഇങ്ങനെയൊരു അപാകത ഉണ്ടായത്. എൽ ആൻഡ് ടി കമ്പനിയെയും സംബ്‌കോൺട്രാക്ട് കൊടുത്തിരിക്കുന്ന മറ്റു കമ്പനികളെയും കരിമ്പട്ടികയിൽപ്പെടുത്തി വിജിലൻസ് അന്വേഷണവും വീഴ്ചകൾ വിലയിരുത്തി അഴിമതി നിരോധിത നിയമപ്രകാരം കേസ് എടുക്കുകയും വേണം.

ജനങ്ങളുടെ സുരക്ഷയെ കാര്യക്ഷമമായി ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാർ ഇടപെടുന്നില്ലെന്നും ശിവസേന ആരോപിച്ചു. മെട്രോ പില്ലറിലുണ്ടായ അപാകത എന്തുകൊണ്ട് സംഭവിച്ചതെന്ന് ഇപ്പോഴും നിഗുഢമായി തുടരുകയാണെന്നും വേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉടനടി ഉണ്ടായില്ല എങ്കിൽ സമരമാർഗ്ഗം സ്വീകരിക്കുമെന്നും ശിവസേന എറണാകുളം ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.