അങ്കമാലി: വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നവീകരണം നടത്തുന്ന അങ്കമാലി- മൂക്കന്നൂർ- മുന്നൂർപ്പിള്ളി പൊതുമരാമത്ത് റോഡിൽ വിവിധ ഭാഗങ്ങളിലെ നിർമ്മാണങ്ങൾ മൂലമുണ്ടാകുന്ന ഗതാഗതസ്തംഭനം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഏ.പി. ജിബി, സെക്രട്ടറി ബി.ഒ.ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു.
കരയാംപറമ്പിൽ ആദം പബ്ലിക് സ്കൂളിനടുത്തും മൂക്കന്നൂർ ഹയർസെക്കൻഡറി സ്കൂളിനടുത്തും മഞ്ഞിക്കാട് കവലയ്ക്കടുത്തും തബോർ -കൂഴൂക്കാരൻ കവലയ്ക്ക് സമീപവുമായി 10 കലുങ്കുകളാണ് പുതിയതായി പണിയുന്നത്. റോഡിന്റെ ഒരു വശം അടച്ച് ദീർഘദൂരം നിലവിലുള്ള ടാറിംഗ് പൊളിച്ചു ഉയരം കൂട്ടി ബലപ്പെടുത്തുന്ന ജോലികളും നടക്കുന്നുണ്ട്. കൂഴുക്കാരൻ കവലയ്ക്കടുത്ത് റോഡ് പൂർണ്ണമായി അടച്ച് ഇടുങ്ങിയ വഴിയിലൂടെ ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണ്. 30 സ്വകാര്യബസുകൾ ഇതിലൂടെ സർവീസ് നടത്തുന്നുണ്ട്.