df

കൊച്ചി: നഗരഗ്രാമ വ്യത്യാസമില്ലാതെ കൂണുകൾപോലെ പൊട്ടിമുളച്ച് ടാറ്റൂ സ്റ്റുഡിയോകൾ. പലതിനും ലൈസൻസില്ലെന്ന് വിലയിരുത്തലിലാണ് പൊലീസ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവരശേഖരണത്തിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. പരിശോധന തുടരും. വീടുകൾ കേന്ദ്രീകരിച്ചും പച്ചകുത്തൽ തകൃതിയാണ്. ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്നതിനാൽ അനധിതൃത സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാനാണ് തീരുമാനം. കൊച്ചിയിൽ ടാറ്രൂ ആ‌ർട്ടിസ്റ്രിന് നേരെ മീടൂ ആരോപണം ഉയ‌ർന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ ചടുലനീക്കം. സ്ഥാപനങ്ങളിലെ പരിശോധനാ വിവരങ്ങൾ പട്ടികയായി സൂക്ഷിക്കും. സമാനമായ പരാതികൾ വീണ്ടും ഉയ‌ർന്നാൽ തുടർനടപടി വേഗത്തിലാക്കാനാണ് പട്ടിക തയ്യാറാക്കുന്നത്. നിരവധി യുവതികളാണ് സമാന ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്. ആരും പരാതി നൽകിയിട്ടില്ലെങ്കിലും ഇവയെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. സ്റ്റുഡിയോകളുടെ ലൈസൻസ് സംബന്ധിച്ചും പരാതികൾ ഉയരുന്നുണ്ട്. പലതും ശാസ്ത്രീയ രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്. ആരോപണങ്ങളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങും. അതേസമയം മീടൂ ആരോപണം ഉയ‌ർന്നതിന് പിന്നാലെ പലരും ടാറ്റൂ ചെയ്യാൻ മടിക്കുകയാണെന്നും ഇത് വരുമാനത്തെ ബാധിച്ചെന്നും കൊച്ചിയിലെ അംഗീകൃത ടാറ്റു സ്റ്റുഡിയോക ഉടമകൾ പറയുന്നു.

 50ലധികം

കൊച്ചി നഗരത്തിൽ മാത്രം 50ലധികം ടാറ്റൂ സ്റ്റുഡിയോകളും നാല് ടാറ്റൂ അക്കാഡമിയുമുണ്ടെന്നാണ് വിവരം. ജില്ലയാകെ വരുമ്പോൾ കണക്ക് ഇതിലും കൂടും. നാല് വ‌ർഷത്തിനിടെയാണ് കേരളത്തിൽ ടാറ്റൂ ചെയ്യുന്നതിന് കൂടുതൽ പ്രചാരം ലഭിച്ചിട്ടുള്ളത്. യുവാക്കളായിരുന്നു മുന്നിൽ. പിന്നീട് യുവതികളുമെത്തി. പ്രായമായവരും ടാറ്റു ചെയ്യാൻ സ്ഥാപനങ്ങളിൽ എത്തുന്നുണ്ട്. പച്ചകുത്തേണ്ട ചിത്രത്തിന്റെ വലിപ്പവും ഡിസൈനും അനുസരിച്ചാണ് നിരക്ക്. ഒരു മാസം പത്തിലധികം പേ‌ർ കോഴ്സ് പാസായി പുറത്തുവരുന്നുണ്ട്. 70,000 മുതൽ 10,0000 രൂപ വരെയാണ് ഫീസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നത്.

അംഗീകൃത സ്ഥാപനങ്ങൾ ഏറെയുണ്ട്. ഒരാൾ തെറ്റ് ചെയ്തതിന് എല്ലാവരെയും കുറ്രക്കാരായി കാണരുത്.

സിജോ ആന്റണി

ടാറ്റൂ ആ‌ർട്ടിസ്റ്റ്, കൊച്ചി