വൈപ്പിൻ: ദിവസങ്ങൾ നീണ്ടആശങ്കകൾക്കും ദുരിതങ്ങൾക്കും ശേഷം ശ്രീലക്ഷ്മിയും കൂട്ടുകാരും യുദ്ധ മേഖലയായ യുക്രെയിനിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി. യുക്രെയിനിലെ വിനീസ്യ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ മൂന്നാംവർഷ വിദ്യാർത്ഥികളായ ചെറായി കുറ്റിപ്പിള്ളിശ്ശേരി ഉണ്ണിക്കൃഷ്ണന്റെ മകൾ ശ്രീലക്ഷ്മി, പള്ളിപ്പുറംഅച്ചാരുപറമ്പിൽ പയസിന്റെ മകൾ ഫെനില, കൊടുങ്ങല്ലൂർ സ്വദേശി അൻവർ, കണ്ണൂർ സ്വദേശി വൈഷ്ണവി, കണ്ണൂർ, തൃശൂർ, കന്യാകുമാരി സ്വദേശികൾ ഉൾപ്പെടെ 34 വിദ്യാർത്ഥികളാണ് തിരിച്ചെത്തിയത്.

റഷ്യ- യുക്രെയിനിനെ ആക്രമിച്ചതോടെയാണ് മറ്റ് വിദ്യാർത്ഥികളോടൊപ്പം ഇവരുംഅവിടെ നിന്ന് മടങ്ങിപ്പോരാൻ ശ്രമിച്ചത്. ഒരു മണിക്കൂർ നടന്ന് തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിലെത്തി അവിടെ നിന്ന് ഹംഗറി അതിർത്തി കടന്ന് ബുഗാചെസ്റ്റ് വിമാനത്താവളത്തിലെത്തിയത് .
ആഹാരത്തിനും വെള്ളത്തിനും ബുദ്ധിമുട്ടുണ്ടായില്ലെങ്കിലും ട്രെയിനിൽ കയറാൻ റെയിൽവേസ്റ്റേഷനിൽ 14 മണിക്കൂർ ക്യൂ നിൽക്കേണ്ടി വന്നു. ശ്രീലക്ഷ്മിയും കൂട്ടുക്കാർക്കും ഇപ്പോൾ നടക്കാൻ ബുദ്ധിമുട്ടുണ്ട്. എങ്കിലും മറ്റ് മലയാളി വിദ്യാർത്ഥികൾ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളൊന്നും ഇവർക്ക് സഹിക്കേണ്ടി വന്നില്ല. യൂണിവേഴ്‌സിറ്റി അദ്ധ്യാപകരുടെസ്‌നേഹത്തണലും നന്ദിപൂർവ്വം ഇവർ ഓർക്കുന്നു.

ബുഗാചെസ്റ്റിൽ നിന്ന് ഡൽഹി വരെ കേന്ദ്രസർക്കാർ ചെലവിലും ഡൽഹിയിൽ നിന്ന് നെടുമ്പാശ്ശേരി വരെ കേരളസർക്കാർ ചെലവിലുമായിരുന്നു യാത്ര. 6 വർഷത്തെ പഠനം പാതിവഴിയിലെത്തിയപ്പോഴാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. തുടർ പഠനം എങ്ങിനെയാകുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.