വൈപ്പിൻ : കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിക്ക് ഇരുചേരുവാരങ്ങളിലുമായി 14 ആനകൾ നിരന്നു. ഇവിടുത്തെ രീതിയനുസരിച്ച് ഒന്നിടവിട്ട വർഷങ്ങളിലാണ് ഓരോ ചേരുവാരത്തിനും ഭഗവതിയുടെ തിടമ്പേറ്റാനുള്ള അവകാശം. ഇത്തവണ വടക്കേ ചേരുവാരമാണ് തിടമ്പേറ്റിയത്.
ഇന്നലെ രാവിലെ നടന്ന ശിവേലിക്ക് വടക്കേ ചേരുവാരത്തിന്റെ 5 ആനകൾ നിരന്നു. പെരുവനം കുട്ടൻമാരാർ പഞ്ചാരിമേളം നയിച്ചു. വൈകിട്ട് 4 ന് ആരംഭിച്ച പകൽപ്പൂരത്തിന് തെക്ക്-വടക്ക് ചേരുവാരങ്ങൾ ഏഴ് ആനകളെവീതംഎഴുന്നള്ളിച്ചു. മംഗലാംകുന്ന് അയ്യപ്പൻ, അന്നമനട ഉമാമഹേശ്വരൻ, കുന്നത്തൂർ രാമു, ഒല്ലൂക്കര ജയറാം, വരടിയം ജയറാം, അക്കിക്കാവ് കാർത്തികേയൻ എന്നീ ഗജവീരൻമാർ വടക്കേചേരുവാരത്തിലും മധുരപ്പുറം കണ്ണൻ, ഗുരുവായൂർദേവസ്വം ഗോകുൽ, ഗുരുവായൂർദേവസ്വം ദാമോദർ ദാസ്, ചെറായി ശ്രീ പരമേശ്വരൻ, ശങ്കരംകുളങ്ങര മണികണ്ഠൻ, പാറനൂർ നന്ദനൻ, കാളകുത്തൻ കണ്ണൻ എന്നീ ആനകൾ തെക്കേചേരുവാരത്തിലും നിരന്നു.
ചോറ്റാനിക്കര സുഭാഷ് നാരായണമാരാർ പഞ്ചവാദ്യത്തിനും പെരുവനം കുട്ടൻമാരാർ പഞ്ചാരിമേളത്തിനും പാണ്ടിമേളത്തിനും വടക്കേ ഭാഗത്ത് പ്രാമണ്യം വഹിച്ചു. ചോറ്റാനിക്കര നന്ദപ്പമാരാർ പഞ്ചവാദ്യത്തിനും ചേറുശ്ശേരി കുട്ടൻമാരാർ പഞ്ചാരിമേളത്തിനും പാണ്ടിമേളത്തിനും തെക്കേഭാഗത്ത് പ്രാമണ്യം വഹിച്ചു.
പകൽപ്പൂരത്തിനുശേഷം ചെറുസംഘങ്ങളായി ഭക്തരുടെ താലം വരവ് തുടങ്ങി. പുലർച്ചെ രണ്ട് മണിയോടെ ഇരുഭാഗത്തും നിരന്ന രാത്രിപൂരങ്ങൾ നാല് മണിയോടെ ക്ഷേത്രം പടിഞ്ഞാറേ നടയിൽ ഒന്നിച്ചതോടെ മേൽശാന്തി നാഗഞ്ചേരി നാരായണൻ നമ്പൂതിരി, ദേവസ്വം പ്രസിഡന്റ് കൊല്ലാട്ട് മോഹനൻ, സെക്രട്ടറി രാജ് മോഹൻ ഇല്ലിക്കൽ, ശശിധരൻ കൊല്ലാട്ട് എന്നിവരുടെ നേതൃത്വത്തിൽ താലപ്പൊലിയോടെ ഭഗവതിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ തെക്കേചേരുവാരം വേല, വടക്കേ ചേരുവാരം വേല, മാർച്ച് 7ന് വൈകിട്ട് 6ന് ആൾ തൂക്കത്തോടെ താലപ്പൊലിക്ക് സമാപനം.