ആലുവ: കെ റെയിൽ സർവ്വേ കല്ല് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും കീഴ്മാട് മേഖലയിൽ ജനകീയ പ്രതിഷേധം. ഇതേതുടർന്ന് കനത്ത പൊലീസ് സംരക്ഷണമുണ്ടായിട്ടും സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കല്ലിടാനായില്ല. അതേസമയം, സർക്കാർ - റവന്യു ഭൂമികളിൽ കല്ലിടൽ തടസമില്ലാതെ നടന്നു.

പ്രതിഷേധത്തിന് നേതൃത്വം നൽകിയ പത്ത് പേരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് പൊതുസ്ഥലത്തും സർവ്വേയും കല്ലിടലും നടന്നത്. കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനായി കിഫ്ബിയിൽ നിന്നും മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിച്ച് അടുത്ത മാസം ഉദ്ഘാടനത്തിന് നിശ്ചയിച്ച പുതിയ കെട്ടിടത്തിന് മുമ്പിലും സർവ്വേ കല്ലിട്ടു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ ഉദ്ഘാടനം ചെയ്യണമെന്ന് നിശ്ചിച്ചതാണെങ്കിലും നിർമ്മാണം പൂർത്തിയാകാത്തതിനാൽ ഒഴിവാക്കിയതാണ്. കുട്ടമശേരി ആയുർവേദ ആശുപത്രി പരിസരം, ചൊവ്വര ജംഗ്ഷൻ മുതൽ സ്വകാര്യ ഭൂമിയോട് ചേർന്നുമാണ് സർവ്വേ കല്ലുകൾ സ്ഥാപിച്ചത്. സ്ത്രീകളടക്കം സർക്കാരിനും കെ. റെയിലിനുമെതിരെ ശക്തമായി മുദ്രാവാക്യങ്ങളുമായി വൻ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.

സമരക്കാരുടെ ശക്തമായ എതിർപ്പ് കാരണമാണ് സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കല്ല് സ്ഥാപിക്കാനുള്ള നീക്കം പരാജയപ്പെട്ടത്. കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡന്റ് പി.എ. മുജീബ്, മണ്ഡലം സെക്രട്ടറി ഷെറഫുദ്ദീൻ, കെരീം കല്ലുങ്കൽ, റഷീദ് എടയപ്പുറം, അബൂബക്കർ ചെന്താര, അനസ് പള്ളിക്കുടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു. ഇവർ ഉൾപ്പെടെ പത്ത് പേരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ചയായതിനാൽ പള്ളിയിൽ പോകണമെന്ന ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു മണിയോടെ സ്വന്തം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

വ്യാഴാഴ്ച പെരിയാറിന്റെ ഇരുകരകളിലുമുള്ള ചൊവ്വര ഭാഗങ്ങളിലാണ് സർവ്വേ നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോയ കെ റെയിൽ അധികൃതർ ഇന്നലെ രാവിലെ വൻ പൊലീസ് സന്നാഹത്തോടെ എത്തിയാണ് സർവ്വേ പുനരാരംഭിച്ചത്. ആലുവ സി.ഐ എൽ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്.