കൊച്ചി: ചെറായി ദേവസ്വം നടയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലയ്ക്കെതിരെയും അനുകൂലിച്ചും സമരം. ബിവറേജസ് സപ്പോർട്ടേഴ്സ് ചെറായി എന്ന പേരിൽ സംഘടനയും രൂപീകരിച്ചിട്ടുണ്ട്.
ചെറായിയിലെ ബിവറേജസ് ഷോപ്പ് കുറച്ചുനാൾ മുമ്പ് പൂട്ടിയ ശേഷം വേറെ തുറന്നിട്ടില്ല. കരിത്തലയിലെ എസ്.എൻ.ഡി.പി യോഗം ചെറായി സെൻട്രൽ ശാഖാ ഓഫീസിന് മുന്നിൽ റോഡിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ ബിവറേജസ് ഷോപ്പ് തുറക്കാനുള്ള നീക്കത്തിനെതിരെ ശാഖയും യൂണിയനും നാട്ടുകാരും എതിർപ്പുമായി രംഗത്തുവന്നിരുന്നു. ശാഖയ്ക്ക് മുന്നിൽ മദ്യഷോപ്പ് തുറക്കുന്നതിനെതിരെ പഞ്ചായത്തിനും എക്സൈസ് മന്ത്രിക്കും മറ്റും പരാതികളും നൽകിയിട്ടുണ്ട്.
അതിനിടെയാണ് ചെറായിയിൽ ഒൗട്ട്ലറ്റ് തുറക്കണമെന്ന ആവശ്യവുമായി 'ബിവറേജസ് സപ്പോർട്ടേഴ്സ് ചെറായി' രംഗത്തുവന്നത്. നല്ല മദ്യം ലഭ്യമാക്കുന്നത് സർക്കാരിന്റെ ബാദ്ധ്യതയാണെന്നും ഉടൻ ഇതിനായി നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ട് സംഘടന സമരവും നടത്തി. യോഗത്തിൽ ടി.കെ.ഉണ്ണികൃഷ്ണൻ, ഉമേഷ്, വിനോദ് എന്നിവർ സംസാരിച്ചു. മദ്യം വാങ്ങാൻ കിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയാണെന്നും മദ്യം ഉപയോഗിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ സർക്കാരും ബിവറേജസ് കോർപ്പറേഷനും മനസിലാക്കണമെന്നുമാണ് ഇവരുടെ വാദം.