കൊച്ചി: പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിന് മുന്നിലെ വെളി മൈതാനം റവന്യൂ ഭൂമിയെന്ന് പറഞ്ഞ്
പിടിച്ചെടുക്കാനുള്ള നീക്കം പൊളിഞ്ഞിട്ടും അരിശം തീരാതെ റവന്യൂ വകുപ്പ് പുതിയ തന്ത്രങ്ങളുമായി ഇന്നലെ രംഗത്തെത്തി. സി.പി.എം ഏരിയാ കമ്മിറ്റിയുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ നവംബറിൽ ഫോർട്ടുകൊച്ചി ആർ.ഡി.ഒ വിഷ്ണുരാജിന്റെ നേതൃത്വത്തിൽ വെളി മൈതാനം ബലംപ്രയോഗിച്ച് ഗേറ്റുകളൊക്കെ പിഴുതെറിഞ്ഞ് പിടിച്ചെടുത്തിരുന്നു. ഇത് പള്ളുരുത്തിയിൽ വലിയ പ്രതിഷേധത്തിനും കാരണമായി.
പിന്നാലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് എസ്.ഡി.പി.വൈ അധികൃതർ ഫെബ്രുവരി 27ന് മൈതാനം അടച്ചുകെട്ടി ഗേറ്റ് സ്ഥാപിച്ചു. നിയമവിരുദ്ധമായി എങ്ങിനെയും ഭൂമി വീണ്ടും പിടിച്ചെടുക്കാനുള്ള നടപടികളുമായി ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായാണ് ആരോപണം.
ഇന്നലെ രാവിലെ കൊച്ചി തഹസിൽദാർ ബെന്നി സെബാസ്റ്റ്യന്റെ നിർദേശപ്രകാരം താലൂക്കിലെ സർവേയർ ഡെനീഷിന്റെ നേതൃത്വത്തിൽ ഒരു സംഘം വെളി മൈതാനം അളക്കാൻ ശ്രമിച്ചു. എസ്.ഡി.പി.വൈയ്ക്ക് നോട്ടീസൊന്നും നൽകാതെ നടത്തിയ ശ്രമം പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. കേസ് മാർച്ച് പത്തിന് അന്തിമവാദത്തിനായി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഈ ശ്രമം.
1939ൽ എസ്.ഡി.പി.വൈ സ്കൂളിന്റെ ആവശ്യത്തിനായി കൊച്ചി രാജാവ് നൽകിയ ഭൂമിയാണിത്. പിന്നീട് സംസ്ഥാന സർക്കാരും അനുമതി നൽകിയിട്ടുണ്ട്. എട്ട് പതിറ്റാണ്ടിലേറെയായി എസ്.ഡി.പി.വൈയുടെ കൈവശത്തിലാണ് സ്ഥലം. ഭവാനീശ്വര ക്ഷേത്രത്തിന്റെ ഉത്സവഭൂമി കൂടിയാണിവിടം. സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്നുവില്പനക്കാരുടെയും ശല്യം മൂലവും അനധികൃത പാർക്കിംഗ് മൂലവും സ്കൂളിലെ കുട്ടികൾക്ക് ഗ്രൗണ്ട് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് എസ്.ഡി.പി.വൈ അധികൃതർ പൊളിഞ്ഞു കിടന്ന ഭാഗത്ത് വീണ്ടും
ഇരുമ്പുവേലി കെട്ടി ഗേറ്റ് സ്ഥാപിച്ചത്. ഇതേ തുടർന്ന് സ്ഥലം കൗൺസിലർ സി.ആർ.സുധീറും സി.പി.എം പള്ളുരുത്തി ഏരിയാ കമ്മിറ്റിയും നൽകി പരാതിയിൽ ക്ഷിപ്രവേഗത്തിൽ നടപടിയുണ്ടായത്.
റവന്യൂ അധികൃതരുടെ കുതന്ത്രം
റവന്യൂവകുപ്പിലെ ചിലരുടെ അധികാര ദുർവിനിയോഗമാണിവിടെ നടക്കുന്നത്. ഇതിനെതിരെ അധികൃതർ കർശന നടപടിയെടുക്കണം. കൊച്ചി താലൂക്കിൽ തന്നെ റവന്യൂ ഭൂമി അനധികൃതമായി കൈവശം വച്ചിട്ടുള്ള എല്ലാ ആരാധനാലയങ്ങളുടെയും ഭൂമി അളക്കാൻ ഇവർ തയ്യാറാകണം.
സി.ജി പ്രതാപൻ
എസ്.ഡി.പി.വൈ പ്രസിഡന്റ്
ഭൂമി അധികമുണ്ടെന്ന് സംശയം
മൂന്നേക്കർ ഭൂമിയാണ് വെളിമൈതാനം. ഇതിലേറെ എസ്.ഡി.പി.വൈയുടെ കൈവശമുണ്ടെന്ന സംശയമുള്ളതിനാലാണ് അളക്കാൻ ശ്രമിച്ചത്. ആർ.ഡി.ഒയുടെ നിർദേശമൊന്നുമില്ല.
ബെന്നി സെബാസ്റ്റ്യൻ
കൊച്ചി തഹസിൽദാർ