ആലങ്ങാട്: ഷെൽ ആക്രമണങ്ങളും വെടിയൊച്ചകളും നിറഞ്ഞ യുക്രെനിലെ യുദ്ധഭൂമി കാൽനടയായി മുറിച്ചു കടന്ന് വെളിയത്തുനാട്ടിലെ നമ്പ്യാട്ട് വീട്ടിൽ തിരിച്ചെത്തിയ റിസ്വാനയുടെ വാക്കുകളിലുണ്ട് ജീവൻ കൈയിലെടുത്ത് പലായനം ചെയ്യുന്നവരുടെ ആകുലതകൾ. യുക്രൈനിൽ എം.ബി.ബി.എസ്. നാലാം വർഷ വിദ്യാർത്ഥിയായിരുന്ന റിസ്വാന സഹപാഠികളായ പത്തംഗ സംഘത്തോടൊപ്പമാണ് കാൽനടയായി റുമേറിയയിലേക്ക് യാത്ര തിരിച്ചത്.
പുറപ്പെട്ടതിനു പിന്നാലെ തങ്ങൾ താമസിച്ചിരുന്ന കെട്ടിടം ഷെൽ ആക്രമണത്തിൽ തകർന്നെന്ന വാർത്ത വന്നെന്ന് റിസ്വാന പറയുന്നു. ദിവസങ്ങളോളം തണുപ്പും യുദ്ധഭീതിയും സഹിച്ച് റുമേനിയയിൽ എത്തി. ഇന്ത്യൻ എംബസി നാട്ടിൽ എത്തിച്ചു. സാഹസികമായാണ് ഇന്ത്യക്കാർ ഉൾപ്പെടെ യുക്രൈനിൽ നിന്ന് അതിർത്തിയിലെത്തുന്നതെന്നും ഭക്ഷണവും വെള്ളവുമില്ലവതെ നിരവധി ഇന്ത്യക്കാർ ഇനിയും യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിസ്വാന പറഞ്ഞു. വീട്ടിലെത്തിയ റിസ്വാനയെ കരുമാല്ലൂർ പഞ്ചായത്തംഗങ്ങളായ എ.എം.അലി, ഇ.എം.അബ്ദുൽസലാം, കോൺഗ്രസ് നേതാക്കളായ റഷീദ് കൊടിയൻ, സൈഫുന്നീസ റഷിദ് എന്നിവർ സന്ദർശിച്ചു.