കൊച്ചി: യൂട്യൂബ് വ്ളോഗറും മോഡലുമായ കണ്ണൂർ സ്വദേശിനി നേഹയെ (മുഹ്ബഷീറ, 27) ആത്മഹത്യയിലേക്ക് തള്ളിവിട്ടത് മയക്കുമരുന്ന് മാഫിയയാണെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട്ബ ന്ധുക്കൾ പൊലീസിന് പരാതി നൽകി.

ഇന്നലെ എറണാകുളം സെൻട്രൽ അസി. കമ്മിഷണർക്കാണ് കുടുംബം പരാതി നൽകിയത്. നേഹ ലഹരി ഉപയോഗിച്ചിരുന്നതിനും ഇടനിലക്കാരിയായി പ്രവർത്തിച്ചതിനും കാരണം ഒപ്പമുണ്ടായിരുന്ന കാസർകോട് സ്വദേശി സിദ്ധാർത്ഥാണെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നേഹയെ പോണേക്കര ജവാൻ ക്രോസ് റോഡിലെ മെർമെയ്ഡ് അപ്പാർട്ട്‌മെന്റിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും കണ്ടെത്തിയിരുന്നു. അപ്പാർട്ടുമെന്റിന് സമീപത്തുണ്ടായിരുന്ന കാർ പരിശോധിച്ച പൊലീസ് 15 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് നേഹയ്ക്ക് ലഹരി കൈമാറിയതെന്നാണ് വിവരം.

സിദ്ധാർത്ഥിന്റെ സുഹൃത്തായ നെട്ടൂർ സ്വദേശിയാണ് ആ ദിവസം ഇവർക്കൊപ്പമുണ്ടായിരുന്നത്. ഇയാളെയും കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു.