water-metro

കൊച്ചി: ഫെബ്രുവരി 28 മുതൽ കണ്ട കൊച്ചി നഗരമായിരുന്നില്ല, ഇന്നലെ നേരം പുലർന്നപ്പോൾ കൊച്ചിക്കാ‌‌ർ കണ്ടത്. 28 മുതൽ ചുവന്ന കൊടിത്തോരണങ്ങളുമായി നിറഞ്ഞു നിന്നിരുന്ന കൊച്ചി നാലു ദിവസങ്ങൾക്കപ്പുറം പഴയ കൊച്ചിയായി തീർന്നു. കൊച്ചിയിൽ സി.പി.എം സംസ്ഥാന സമ്മേളനം ന‌ടത്താനുള്ള തീരുമാനം എടുത്ത അന്നുതന്നെ ജില്ലാ നേതൃത്വം നിശ്ചയിച്ചതാണ് സമ്മേളനം കഴിഞ്ഞാലുടൻ തന്നെ നഗരം വൃത്തിയാക്കണം. പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി നഗരം ശുചീകരിച്ചു.

സമ്മേളനത്തിന് ശേഷം നേതാക്കൾ മടങ്ങിയതിന് തൊട്ടു പിന്നാലെ പ്രവർത്തകരും വോളന്റിയേഴ്സും വൃത്തിയാക്കാനിറങ്ങി. ആദ്യം സമ്മേളന നഗരിയാണ് വൃത്തിയാക്കിയത്. മറൈൻ ഡ്രൈവിൽ സ്ഥാപിച്ചിരുന്ന സ്റ്രേജുകളിലും പന്തുലകളിലുമെല്ലാം കെട്ടിയിരുന്ന കൊടികളും തോരണങ്ങളും അഴിച്ചു മാറ്റി. മറൈൻ ഡ്രൈവ് വോക് വേയും ശുചീകരിച്ച് പ്രവർത്തകർ നഗരത്തിലേക്ക് ഇറങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്ന എല്ലാ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും തോരണങ്ങളും അഴിച്ചുമാറ്റി. മറ്റെവിടെങ്കിലും തോരണങ്ങൾ അഴിക്കാനുണ്ടെങ്കിൽ അറിഞ്ഞാലുടൻ അഴിച്ചു മാറ്റും.

സമ്മേളനത്തിന്റെ ഒരുക്കങ്ങൾ നടക്കുന്ന സമയം തന്നെ തീരുമാനിച്ചതാണ് സമ്മേളനം കഴിഞ്ഞാലുടൻ വേദിയും നഗരത്തിന്റെ വിവിധ ഭാഗങ്ങളും വൃത്തിയാക്കണമെന്നുള്ളത്. തോരണങ്ങളും കൊടികളുമെല്ലാം അഴിച്ചു മാറ്റിയിട്ടുണ്ട്. എല്ലാപ്രവർത്തകരും വോളിയന്റർമാരും ഒറ്രക്കെട്ടായി എല്ലാ കാര്യങ്ങൾക്കും പ്രവർത്തിച്ചു.

സി.എൻ. മോഹനൻ

സി.പി.എം ജില്ലാ സെക്രട്ടറി