ആലങ്ങാട്: കൊവിഡ് പശ്ചാത്തലത്തിൽ മന്ദഗതിയിലായ നികുതി പിരിവ് ഊർജ്ജിതമാക്കാൻ കരുമാല്ലൂർ പഞ്ചായത്ത് നടപടി ആരംഭിച്ചു. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കേ ഇതുവരെ പിരിച്ചെടുത്തത് 50 ശതമാനത്തിൽ താഴെ മാത്രമാണ്. കഴിഞ്ഞകാലങ്ങളിലെ കുടിശിക കൂടി ഉൾപ്പെടുത്തി പഞ്ചായത്തിലേക്ക് അടയ്‌ക്കേണ്ട മുഴുവൻ നികുതിയും പിരിച്ചെടുക്കാൻ വരും ദിവസങ്ങളിൽ വാർഡുകളിൽ വീണ്ടും ക്യാമ്പ് പിരിവ് ക്യാമ്പുകൾ സംഘടിപ്പിക്കും.
ഓൺലൈനായും പഞ്ചായത്ത് ഓഫീസിലും നികുതി അടക്കാം. ഇതിനായി മാർച്ച് 31 വരെ എല്ലാ ഞായറാഴ്ചകളും നികുതി പഞ്ചായത്ത് ഓഫീസിൽ നികുതി സ്വീകരിക്കും. ലൈസൻസ് ഇല്ലാതെയോ പുതുക്കാതെയോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും. ഇപ്പോൾ നികുതി അടച്ചുതീർക്കുന്നവർക്ക് പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കും. നികുതി സംബന്ധമായ പരാതികളോ നികുതി ഒഴിവാക്കേണ്ടതായ സാഹചര്യങ്ങളോ ഉണ്ടെങ്കിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയാൽ മാർച്ച് 31നകം തീർപ്പാക്കും. മാർച്ച് 31 ശേഷം നികുതി അടയ്ക്കാത്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിൽ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കാൻ ധനകാര്യ സ്ഥിരം സമിതി പഞ്ചായത്ത് കമ്മിറ്റിയോട് ശുപാർശ ചെയ്തിട്ടുണ്ട്.
കെട്ടിട നമ്പർ കിട്ടുന്ന സമയത്ത് നൽകിയിട്ടുള്ള അളവിനേക്കാൾ കൂടുതൽ വിസ്തൃതി വർദ്ധിപ്പിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് വ്യക്തികളും സ്ഥാപനങ്ങളും പഞ്ചായത്ത് ഓഫീസിൽ വീണ്ടും അപേക്ഷ നൽകി ക്രമപ്പെടുത്തേണം. ദീർഘകാലമായി നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇപ്പോഴും അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി എന്നിവർ അറിയിച്ചു.