joy

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ചാലക്കുടി വടമ പുളിയിലക്കുന്ന് കോക്കാട്ടിൽ വീട്ടിൽ ജോയി (53)യെ എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കോഴിക്കോട് താമരശേരി സ്വദേശി അരുൺ കുമാറിന് ജൂനിയർ അസിസ്റ്റൻറ് മാനേജർ തസ്തികയിലേക്കാണ് ജോലി വാഗ്ദാനം ചെയ്തത്. അഞ്ച് ലക്ഷം രൂപ വാങ്ങിയ ശേഷം വ്യാജ അപ്പോയിൻമെന്റ് ഓർഡർ നൽകി. എയർപോർട്ട് അധികൃതരുമായി ഇദ്ദേഹം ബന്ധപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് അധികൃതർ പരാതിനൽകുകയായിരുന്നു.

സമാനമായ തട്ടിപ്പിന് ജോയിക്കെതിരെ നെടുമ്പാശേരി, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലായി എട്ട് കേസുകളുണ്ട്. സ്വകാര്യ ഹെൽത്ത് ഉത്പന്നങ്ങളുടെ നെറ്റ്‌വർക്ക് സെയിൽസിലാണ് ജോയി ജോലി ചെയ്യുന്നത്. ഇതിന്റെ മറവിലാണ് ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതും തട്ടിപ്പ് നടത്തുന്നതും. ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിനെന്നു പറഞ്ഞ് പല പ്രാവശ്യം എയർപോർട്ടിലേക്ക് വിളിച്ചു വരുത്തി അവസാന നിമിഷം ഒഴിവാക്കും. എയർപോർട്ടിന്റെ വ്യാജ ലെറ്റർ പാഡ് തയ്യാറാക്കി അതിലാണ് നിയമന ഉത്തരവ് നൽകുന്നത്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവ്, എസ്.ഐമാരായ എൻ. സാബു, പി.സി. പ്രസാദ്, എ.എസ്.ഐ ഗോപകുമാർ, എസ്.സി.പി.ഒ മാരായ കെ.എച്ച്. മുഹമ്മദാലി, ജോയി ചെറിയാൻ, ശരത്കുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. എയർപോർട്ടിൽ നിയമനം നടത്തുന്നത് ഔദ്യോഗിക സംവിധാനങ്ങൾ വഴിയാണെന്നും ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്നും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു