park
നവീകരിച്ച് തുറന്ന് നൽകാൻ പോകുന്ന മൂവാറ്റുപുഴ നഗരസഭ ഡ്രീം ലാന്റ് പാർക്കിൽ കുട്ടികൾക്കായി സ്ഥാപിച്ച കളി ഉപകരണങ്ങൾ .

മൂവാറ്റുപുഴ: കൊവിഡിനെ തുടർന്ന് വർഷങ്ങളായി അടച്ചിട്ടിരുന്ന മൂവാറ്റുപുഴ നഗരസഭ ഡ്രീംലാൻഡ് പാർക്ക് ഈമാസം 8ന് തുറന്ന് നൽകും. ദീർഘകാലം അടച്ചിടേണ്ടി വന്നതോടെ പാർക്കിലെ കളി ഉപകരണങ്ങൾ നശിച്ചിരുന്നു. അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ച പാർക്ക് നവീകരിച്ചതിനു ശേഷമാണ് തുറന്ന് നൽകുന്നതെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. തൊടുപുഴയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഡ്രീം ലാൻഡ് പാർക്കിൽ കുട്ടികൾക്കായി വിവിധ കളി ഉപകരണങ്ങൾ പുതുതായി സ്ഥാപിച്ചു. വിവിധ തരത്തിലുള്ള ഊഞ്ഞാലുകൾ, സീസോ, വിനോദത്തിനും വിജ്ഞാനത്തിനു ഉതകുന്ന മറ്റു വസ്തുക്കൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ പാർക്കിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടി ആരംഭിച്ചു. പാർക്കിലെ വെള്ളച്ചാട്ടം പുന:സ്ഥാപിച്ചു. ആമ്പൽക്കുളം നവീകരിക്കുകയും പുൽത്തകിടികൾ വെട്ടി ഒരുക്കുകയും ചെയ്തു. ഇരിപ്പിടങ്ങൾ വൃത്തിയാക്കിയിട്ടുണ്ട്. പെയിന്റ് ചെയ്ത് പാർക്ക് കൂടുതൽ മനോഹരവുമാക്കി.

നെഹ്റു പാർക്കിലെ ചിൽഡ്രൻസ് പാർക്കിലെ തുരുമ്പെടുത്ത് നശിച്ച കളി ഉപകരണങ്ങൾ നീക്കി പുതിയത് സ്ഥാപിച്ചു തുടങ്ങി. വൈകാതെ ഈ പാർക്കും തുറന്നു നൽകും.

 രാത്രിനടത്തം

എട്ടിന് വൈകിട്ട് അഞ്ചിന് നഗരസഭാ ചെയർമാൻ പി.പി. എൽദോസിന്റെ നേതൃത്വത്തിലാണ് ഡ്രീംലാൻഡ് പാർക്ക് തുറന്ന് നൽകുന്നത്. ഇതോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ പാർക്കിലെ തുറന്ന വേദിയിൽ ലോക വനിതാദിനാഘോഷം സംഘടിപ്പിക്കും. വനിതകളുടെ സമ്മേളനം, കലാസന്ധ്യ എന്നിവയും ഉണ്ടാകും. അന്നേദിവസം പാർക്കിലെ പ്രവേശനം സൗജന്യമാണ്. വനിതാദിനാഘോഷം സമാപിക്കുന്നതോടെ സ്ത്രീകളുടെ രാത്രി നടത്തം ആരംഭിക്കും. പാർക്കിൽ നിന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നഗരത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിലേക്ക് ആയിരിക്കും നടത്തം. ഈ ഗ്രൂപ്പുകൾ പിന്നീട് കച്ചേരിതാഴത്തുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഒത്തുചേരും.