mv
ജില്ലാ ശുചിത്വമിഷൻ തയാറാക്കിയ 'വീടും സ്ഥലവും വിൽപ്പനക്ക്' എന്ന ഹ്രസ്വ ചിത്രത്തിന്റെ സി.ഡി. പ്രകാശനം നവകേരളം തദ്ദേശകം- 2022 പരിപാടിയിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കുന്നു.

കൊച്ചി: പ്രാദേശികതലത്തിൽ ഉത്പാദിപ്പിക്കുന്ന വിഭവങ്ങൾ വിറ്റഴിക്കാനുള്ള വിപണിയാക്കി മാവേലിസ്റ്റോറുകളെ മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ. കറുകുറ്റി ഗ്രാമപഞ്ചായത്ത് ഹാളിൽ നവകേരളം തദ്ദേശകം- 2022 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിറുത്തലാക്കിയ മാവേലി സ്റ്റോറുകൾ തുറക്കാൻ നടപടികൾ സ്വീകരിക്കും. നടത്തിപ്പിനാവശ്യമായ വാടകത്തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കണം. മാവേലി സ്റ്റോറുകളുടെ സുഗമമായ നടത്തിപ്പിന് തദ്ദേശഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്താക്കൾക്ക് വീടുകൾ നിർമ്മിക്കുന്നതിനുള്ള തുക അവരുടെ പേര് ഉൾപ്പെട്ടിട്ടുള്ള തദ്ദേശസ്ഥാപനങ്ങൾ വഹിക്കണം, തദ്ദേശ സ്ഥാപനങ്ങൾ തരിശുനില കൃഷിക്ക് പ്രാധാന്യം നൽകണം, ഭൂവുടമകൾ തന്നെ കൃഷി ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചാൽ അവരുമായി സഹകരിച്ച് കൃഷിചെയ്യാം തുടങ്ങിയ നിർദ്ദേശങ്ങളും മന്ത്രി മുന്നോട്ട് വച്ചു.


തദ്ദേശ സ്ഥാപനങ്ങൾ തൊഴിൽ ദാതാക്കളാകണം

ഭരണസംവിധാനം എന്നതിനപ്പുറം സാധാരണക്കാരന്റെ സഹായ സംവിധാനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് സേവനമെത്തിക്കുക എന്ന നിലയിൽനിന്ന് തൊഴിൽ ദാതാവ് എന്ന രൂപത്തിലേക്ക് തദ്ദേശസ്ഥാപനങ്ങൾ മാറണം. സാധരണക്കാരന്റെ താൽപ്പര്യം സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. നിയമങ്ങൾ പാവപ്പെട്ടവന് വേണ്ടി എങ്ങനെ കൈകാര്യം ചെയ്യാം എന്നാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഓപ്പറേഷൻ വാഹിനിയെ സ്വാഗതം ചെയ്ത് മന്ത്രി

പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ഓപ്പറേഷൻ വാഹിനി പോലുള്ള പദ്ധതികൾ ജില്ലക്ക് അത്യാവശ്യമെന്ന് മന്ത്രി പറഞ്ഞു. നദികളുടെ പുഴകളുടെയും നീരരൊഴുക്ക് സുഗമമാകുന്നതോടെതന്നെ മഴക്കാലത്തെ പ്രശ്‌നങ്ങൾക്ക് പകുതി പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.