പറവൂർ: ഭക്ഷണം വാങ്ങാനെന്ന വ്യാജേന ഹോട്ടലിൽ എത്തിയ ആൾ കടയിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് നമ്പൂരിയച്ചൻ ആലിന് സമീപം കെ.ആർ. വിജയൻ ഷോപ്പിംഗ് കോംപ്ലക്സിലുള്ള സിൽവേഴ്സ് ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെത്തിയ മോഷ്ടാവ് മാനേജറായിരുന്ന സ്ത്രീയോട് ഉച്ചഭക്ഷണം പാഴ്സലായി വേണമെന്ന് ആവശ്യപ്പെട്ടു. ഭക്ഷണത്തിന്റെ തുകയായ 380 രൂപയും ഇയാൾ നൽകി. കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ കാഷ് കൗണ്ടറിൽ വച്ചശേഷം ഭക്ഷണം എടുക്കാനായി അകത്തേക്ക് പോയി. തിരികെവന്നപ്പോൾ ഇയാൾ അവിടെയുണ്ടായില്ല. പുറത്തെങ്ങാനും പോയതെന്ന് കരുതി അല്പസമയം കാത്തെങ്കിലും ഇയാൾ വന്നില്ല. അപ്പോഴാണ് മൊബൈൽ ഫോൺ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. മറ്റൊരു ജീവനക്കാരന്റെ ഫോണിൽ നിന്ന് നമ്പറിലേക്ക് വിളിച്ചപ്പോൾ, ഫോണിന്റെ പാറ്റേൺ ലോക്ക് തുറക്കുന്ന കോഡ് പറയാൻ ആവശ്യപ്പെട്ടു. പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.