news

പെരുമ്പാവൂർ: രാജ്യത്തെ മാദ്ധ്യമപ്രവർത്തകർ ഏറെ വെല്ലുവിളി നേരിടുന്ന കാലത്ത് പോരാട്ടങ്ങളുടെ പ്രസക്തി ഏറുകയാണെന്ന് സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ. വർഗ്ഗീയതയും അഴിമതിയും ആഗ്രഹിക്കുന്നവർ മാദ്ധ്യമപ്രവർത്തകരുടെ അന്വേഷണങ്ങളും വഴികളും തടയുന്നു. ഗൗരി ലങ്കേഷിന്റെ മരണം പോലെയുള്ള സംഭവങ്ങൾ അതിന്റെ കൃത്യമായ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂർ പ്രസ് ക്ലബ്ബിന്റെ പി. രമേഷ് സ്മാരക പത്രപ്രവർത്തക പുരസ്‌കാരം 'മാതൃഭൂമി' ചീഫ് റിപ്പോർട്ടർ സിറാജ് കാസിമിനു സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, മുൻ എം.എൽ.എ സാജു പോൾ, മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ. എൻ.സി. മോഹൻ എന്നിവർ പ്രസംഗിച്ചു. പെരുമ്പാവൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് കീഴില്ലം സ്വാഗതവും സെക്രട്ടറി ദിൽഷാദ് മുഹമ്മദ് നന്ദിയും പറഞ്ഞു. പുരസ്‌കാര ജേതാവ് സിറാജ് കാസിം മറുപടി പ്രസംഗം നടത്തി.