ആലുവ: വകുപ്പ് മേധാവികളും ജനപ്രതിനിധികളും പങ്കെടുക്കാത്തതിനെ തുടർന്ന് ഏറെ നാളുകൾക്ക് ശേഷം നടന്ന ആലുവ താലൂക്ക് താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം. എം.എൽ.എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളുമൊന്നും യോഗത്തിൽ ഹാജരായില്ല.

യോഗത്തിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്. വകുപ്പ് മേധാവികളില്ലാത്തതിനാൽ വിവിധ വിഷയങ്ങളിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാത്തതും വിമർശനത്തിന് മൂർച്ചകൂട്ടി. കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിച്ച ആലുവ നഗരത്തിലെ റോഡ് റീ ടാറിംഗ് നടത്താത്തതിൽ ശക്തമായ പ്രതിഷേധമുണ്ടായി. ഗ്രാമീണ മേഖലകളിലെ റോഡ് അറ്റകുറ്റപ്പണി വൈകുന്നതും വിമർശനത്തിന് ഇടയാക്കി. മദ്യ - മയക്കുമരുന്ന് ലോബികൾക്കെതിരെ എക്സൈസ്, പൊലീസ് പരിശോധന ശക്തമാക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.

ബാംബു കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ പി. നവകുമാർ, തോപ്പിൽ അബു, മുരളി പുത്തൻവേലി, രാജീവ് മുതിരക്കാട്, പ്രിൻസ് വെള്ളറക്കൽ എന്നിവർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ സംബന്ധിച്ചു.