ചോറ്റാനിക്കര: വെട്ടിക്കൽ ലക്ഷംവീട് കോളനിയിലെ ചോർന്നൊലിക്കുന്ന വീടുകളിൽ വർഷങ്ങളായി ദുരിതമനുഭവിച്ച് ജീവിക്കുന്നവരുടെ ചിരകാല സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു. പട്ടിക വർഗത്തിൽപ്പെട്ട നാല് കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നതിനായി സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ അനുമതി ലഭിച്ചു.

ഏറെക്കാലത്തെ ദുരിതപൂർണമായ ജീവിതം ഇതോടെ അവസാനിക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് കോളനിയുടെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും കോളനിയിലെ താമസക്കാരെ അടിയന്തരമായി സമീപത്തുള്ള കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഇവർക്ക് വീട് നിർമ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ച് കിട്ടിയത്. ആദ്യ വീടിന്റെ ശിലാസ്ഥാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ് നിർവ്വഹിച്ചു. വർഷങ്ങളായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ വീട്ടിൽ താമസിച്ചിരുന്ന വർഗീസ്-ജയ ദമ്പതികളുടെ വീടന്റെ ശിലാസ്ഥാപനമാണ് നടന്നത്. ആദ്യ ഘട്ടത്തിൽ നാല് കുടുംബങ്ങൾക്കാണ് വീടുകൾ നിർമ്മിക്കുന്നത്. ലൈഫ് പദ്ധതിയുടെ സഹായത്താലും വ്യവസായ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയും മറ്റുള്ളവർക്കും വീടുകൾ നിർമ്മിച്ച് നൽകും. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. സിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് അംഗങ്ങളായ പി.വി. പൗലോസ്, പ്രകാശൻ ശ്രീധരൻ, ലേഖ പ്രകാശൻ, വാർഡ് കൺവീനർ ജയശങ്കർ രമേശ് എന്നിവർ സംസാരിച്ചു.