ആലുവ: കെ.എസ്.യുവിന്റെ പരാതിയെത്തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ അനധികൃതമായി നിർമ്മിച്ച എസ്.എഫ്.ഐ കോളേജ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് പൊളിച്ചുനീക്കി. എടത്തല അൽ അമീൻ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചിമ ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് എസ്.എഫ്.ഐ അനധികൃതമായി ഓഫീസ് നിർമ്മിച്ചിരുന്നത്. ഇതിനെതിരെ കെ.എസ്.യു ആലുവ ബ്ലോക്ക് ജനറൽ സെക്രട്ടറി ഹാഫിസ് ഹമീദ് നൊച്ചിമ സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് സ്കൂൾ അധികൃതരുടെ നിർദ്ദേശപ്രകാരം എസ്.എഫ്.ഐ പ്രവർത്തകർ തന്നെയാണ് താത്കാലിക ഷെഡ് പൊളിച്ച് നീക്കിയത്. സ്‌കൂളിൽനിന്ന് 400 മീറ്ററോളം മാറി അൽ അമീൻ കോളേജിനോട് ചേർന്നാണ് സ്‌കൂൾ ഗ്രൗണ്ട്. അതിനാൽ കൈയേറ്റം അറിഞ്ഞില്ലെന്നാണ് സ്കൂൾ അധികൃതർ പ്രതികരണം.