മട്ടാഞ്ചേരി: അധികൃതരുടെ അനാസ്ഥ മൂലം പൂട്ടി കിടന്ന് കാട് പിടിച്ച് നശിക്കുന്ന ഫോർട്ടുകൊച്ചി കോക്കേഴ്സ് തിയേറ്റർ സംരക്ഷിച്ച് ബഹുമുഖ കലാകേന്ദ്രമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് നമ്മൾ കൊച്ചിക്കാർ എന്ന സംഘടനയുടെ നേതൃത്വത്തിൽ കൂട്ടായ്മ നടത്തും . സംസ്ഥാനത്തെ ആദ്യ 70 എം.എം.തിയേറ്റർ ,നാല് ഭാഗത്തേക്കും നീങ്ങുന്ന കർട്ടൺ സംവിധാനം തുടങ്ങി ഒട്ടേറെ പുതുമകൾ കൊണ്ട് ശ്രദ്ധേയമായിരുന്ന തിയേറ്റർ നവീകരണത്തിന് നഗരസഭ മൂന്ന് ബജറ്റുകളിൽ ഒരു കോടി രൂപ വീതം വകയിരുത്തിയെങ്കിലും തിയേറ്ററിന് ശാപമോക്ഷമായില്ല. മലയാള കരയിലേക്ക് ആദ്യമായി നിലക്കുയിൽ എന്ന ചിത്രത്തിലൂടെ ദേശീയ ചലചിത്ര പുരസ്കാരം കൊണ്ടുവന്ന ടി.കെ. പരീക്കുട്ടിയായിരുന്നു ബി.ഒ.ടി കരാർ പ്രകാരം തിയേറ്റർ പണിതത്. മലയാള സിനിമയ്ക്ക് പരീക്കുട്ടി നൽകിയ സംഭാവനകൾ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ സ്മരണക്കായി തിയേറ്റർ നവീകരിച്ച് കലാകേന്ദ്രമാക്കണമെന്നാണാവശ്യം. ഒമ്പതിന് വൈകീട്ട് 4 മുതൽ തിയേറ്ററിന് മുന്നിൽ കൂട്ടായ്മ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ജബ്ബാർ ഉപ്പാസ് , ഹാരിസ് അബു ,സുബൈബത്ത് ബീഗം ,ഷീജാ സുധീർ എന്നിവർ പങ്കെടുത്തു.