df

കൊച്ചി: സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായി മുന്നോട്ടുവച്ച വൈദ്യുത ഓട്ടോറിക്ഷാ നിർമ്മാണം ലക്ഷ്യം കൈവരിക്കാനാവാതെ കിതയ്ക്കുന്നു. പ്രതിവർഷം 1,650 ഓട്ടോകൾ പുറത്തിറക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന് 2019 മുതൽ 219 ഓട്ടോകൾ മാത്രമാണ് നിർമ്മിക്കാനായത്.

കേരള ഓട്ടോമൊബൈൽസിന്റെ 12 ഡീലർമാരിലൂടെ 25മാസം കൊണ്ടാണ് ഇത്രയും വിറ്റഴിഞ്ഞത്. 2,85,000 രൂപയാണ് ഓട്ടോയുടെ വില. നിർമ്മാണച്ചെലവ് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.


ഇ-ഓട്ടോകളുടെ നിർമ്മാണസാമഗ്രികളിൽ ചിലത് ഇറക്കുമതി ചെയ്യേണ്ടതുണ്ട്. സ്ഥാപനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ഇറക്കുമതി സാധിക്കാതിരുന്നതാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രധാന വെല്ലുവിളിയായതെന്ന് സ്ഥാപനത്തോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. വാഹനങ്ങൾ വാങ്ങാൻ വായ്പയെടുത്തവർ തവണകൾ മുടക്കിയതോടെ വിറ്റവാഹനങ്ങളുടെ മുഴുവൻ തുകയും ലഭിക്കാത്തതും പ്രതിസന്ധിയായി.

2019-20 വർഷം മാത്രം 195.24 ലക്ഷം രൂപയുടെ നഷ്ടത്തിലായിരുന്നു കേരള ഓട്ടോമൊബൈൽസെന്നും 2014-15 മുതൽ 2019-20 സെപ്തംബർ വരെ 29.27കോടി രൂപയുടെ സർക്കാർ സഹായം കമ്പനി കൈപ്പറ്റിയെന്നും രേഖകൾ വ്യക്തമാക്കുന്നു. ഈ ബാദ്ധ്യതകൾ നിലനിൽക്കെയാണ് വൈദ്യുത ഓട്ടോകളുടെ നിർമ്മാണവും കേരള ഓട്ടോമൊബൈൽസിനു നൽകിയത്. എറണാകുളം സ്വദേശി എം.കെ.ഹരിദാസിനു ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.

 ബാറ്ററിയും അത്ര 'ചാർജല്ല'
ഒറ്റത്തവണ ചാർജ് ചെയ്താൽ 90-100 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനമെങ്കിലും പകുതിമാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് വ്യാപക പരാതി. എന്നാൽ, ഉപയോഗ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കാണ് മൈലേജ് ലഭിക്കാത്തതെന്നാണ് കമ്പനിയുടെ വിശദീകരണം.

 സ്വകാര്യ സ്ഥാപനങ്ങൾ മുന്നിൽ
സർക്കാർ സ്ഥാപനം കിതയ്ക്കുമ്പോൾ സ്വകാര്യ കമ്പനികൾ ഇ-ഓട്ടോ വില്പനയിൽ ഏറെ മുന്നിലാണ്. മൂന്ന് വർഷംകൊണ്ട് 745ലേറെ ഓട്ടോകളാണ് സ്വകാര്യ കമ്പനികൾ സംസ്ഥാനത്ത് വിറ്റത്.

 സ്വകാര്യ സ്ഥാപനങ്ങൾ വിറ്റത്

പിയാജിയോ- 600

മഹീന്ദ്ര- 450

ഹൈക്കോൺ- 150

ബജാജ്- 05

കൈനറ്റിക്- 05
ആകെ- 1,210

സംസ്ഥാനത്തെ ആകെ വൈദ്യുത ഓട്ടോകൾ- 1,429