മൂവാറ്റുപുഴ: ഭർത്താവും മക്കളും നഷ്ടമായ വീട്ടമ്മയുടെ കടബാദ്ധ്യത തീർക്കാൻ ബാങ്ക് ജീവനക്കാർ കൈത്താങ്ങായി. ഇലഞ്ഞി ആലപുരം കോലാടിയിൽ രാജീവന്റെ ഭാര്യ നിമി രാജീവിന്റെ ജീവിത ദുരിതങ്ങൾ കണ്ടറിഞ്ഞ കേരള ബാങ്ക് ഇലഞ്ഞി ബ്രാഞ്ചിലെ ജീവനക്കാരാണ് കടബാദ്ധ്യത എറ്റെടുത്തത്.

നിമിയുടെ ഭർത്താവ് രാജീവും മകൻ മിഥുനും 2020-ൽ മോനിപ്പിള്ളിയിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു. ഇരുവരും സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചായിരുന്നു അപകടം. അപകടത്തിന് ഒരു വർഷം മുമ്പ് ഗുരുതര രോഗം ബാധിച്ച് മകൾ അഞ്ജിതയും മരണമടഞ്ഞു. മകളുടെ മരണത്തിന് മുമ്പ് വീടുനിർമ്മിക്കാൻ 3 ലക്ഷം രൂപ നിമി വായ്പ എടുത്തിരുന്നു. ഇപ്പോൾ രണ്ടര ലക്ഷത്തോളം രൂപ വായ്പ കണക്കിൽ ബാക്കിയുണ്ട്. ബാങ്ക് ശാഖ മാനേജർ എം.വനജയുടെ നേതൃത്വത്തിലാണ് നിമിയുടെ കടബാദ്ധ്യത തീർക്കുവാൻ നടപടി സ്വീകരിച്ചത്. ബാങ്കിലെ ജീവനക്കാർ, ഇടപാടുകാർ എന്നിവരിൽ നിന്ന് ശേഖരിച്ച തുക ഉപയോഗിച്ച് വായ്പ അവസാനിപ്പിച്ച് ഈട് വസ്തുവിന്റെ ആധാരം മടക്കികൊടുക്കും. പണിതീരാത്ത വീടിന് സമീപം പെട്ടിക്കട നടത്തിക്കിട്ടുന്ന തുച്ഛവരുമാനമാനം കൊണ്ടാണ് മാതാവ് തങ്കമ്മയോടൊപ്പം നിമി കഴിയുന്നത്. നിമി സഹായ നിധിയിലേക്കുള്ള തുക കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന് കൈമാറി.

.