കൊച്ചി: തെരുവുവിളക്ക് അറ്റകുറ്റപ്പണിയുടെ പേരിൽ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതി നടക്കുന്നെന്ന ആരോപണത്തെപ്പറ്റി വിജിലൻസ് അന്വേഷിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. എൻജിനീയറിംഗ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഉദ്യോഗസ്ഥ, രാഷ്ടീയ, മാഫിയ കൂട്ടുകെട്ടാണ് അഴിമതിക്ക് പിന്നിൽ. കാലാകാലങ്ങളായി രണ്ട് സ്ഥിരം കരാറുകാരാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഗുണനിലവാരമില്ലാത്ത ചൈനാനിർമ്മിതമായ ബൾബുകളാണ് കരാറുകാരൻ മാറ്റിയിടുന്നത്. ഐ.എസ്.ഐ മുദ്ര‌യുള്ള ബൾബുകൾ ഉപയോഗിക്കണമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. അറ്റകുറ്റപ്പണി നടത്തി ഒഴിവാക്കുന്ന സാമഗ്രികൾ കോർപ്പറേഷനിൽ എത്തിച്ച് ലേലം ചെയ്ത് അക്കൗണ്ടിൽ അടയ്ക്കുന്നതിന് പകരം കരാറുകാർ തന്നെ വില്പന നടത്തി ലഭിക്കുന്ന തുക പങ്കിട്ടെടുക്കുന്ന സ്ഥിതിയാണുള്ളതെന്നും കുരുവിള മാത്യൂസ് പറഞ്ഞു.