മൂവാറ്റുപുഴ : ശുദ്ധജല പദ്ധതിക്കായി ലക്ഷങ്ങൾ മുടക്കി നിർമിച്ച കുളത്തിന്റ സംരക്ഷണ ഭിത്തി ഉദ്ഘാടനത്തിനു മുമ്പെ തകർന്നു. മോട്ടോർ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ഭിത്തി തകരുകയായിരുന്നു. പായിപ്ര പഞ്ചായത്തിലെ പതിനാലാം വാർഡിൽ കുറ്റിക്കൽ ശുദ്ധജല പദ്ധതിക്കായി 12.70 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച കുളമാണ് നിർമ്മാണത്തിലെ അപാകത മൂലം തകർന്നത്.

അടുത്തയാഴ്ച ഉദ്ഘാടനം നിശ്ചയിച്ചു നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് കുളം ഇടിഞ്ഞത്. എൽദോ ഏബ്രഹാം എം.എൽ.എയായിരുന്നപ്പോഴാണ് പണം അനുവദിച്ചത്. ശുദ്ധജല വിതരണത്തിനായി കുളവും മോട്ടറും സ്ഥാപിക്കാനായിരുന്നു പണം അനുവദിച്ചത്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസീസ് പാണ്ട്യാരപ്പിള്ളി സൗജന്യമായി വിട്ടു നൽകിയ ഭൂമിയിൽ 4 വർഷം മുമ്പാണ് നിർമ്മാണം ആരംഭിച്ചത്.

കുളം വൃത്തിയാക്കുന്നതിനിടെയാണ് പാർശ്വഭിത്തികൾ ഇടിഞ്ഞത്. ആവശ്യമായഅളവിൽ കമ്പിയും സിമന്റും ഉപയോഗിക്കാതെയായിരുന്നു കിണർ നിർമ്മാണമെന്ന് നാട്ടുകാർ ആരോപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടാണ് കിണർ ഉദ്ഘാടനത്തിനു മുമ്പേ തകരുന്നതിനു കാരണമെന്നാണ് ആരോപണം. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഇടിഞ്ഞു വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനു ശേഷം പുതിയതായി നിർമ്മാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.