sihab

അങ്കമാലി: മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് അങ്കമാലിയുടെ അന്ത്യാഞ്ജലി. ആയിരക്കണക്കിന് ലീഗ് പ്രവർത്തകരും നേതാക്കളും ആരാധകരും നാട്ടുകാരുമാണ് പ്രിയനേതാവിന്റെ വിയോഗമറിഞ്ഞ് ക്ഷണനേരംകൊണ്ട് അങ്കമാലിയിലേക്ക് ഓടിയെത്തിയത്.

പൊതുദർശനത്തിനും മയ്യത്തു നമസ്ക്കാരത്തിനുമായി ആംബുലൻസിൽ ആശുപത്രിക്ക് തൊട്ടടുത്തുള്ള അങ്കമാലി ബദ്രിയ ജുമാ മസ്ജിദ്ദിൽ ഒന്നരയോടെ എത്തിച്ചു. പ്രാർത്ഥനാ ചടങ്ങുകൾ മൂന്നു മണിയോടെയാണ് തീർന്നത്. ലീഗു പ്രവർത്തകരും വിശ്വാസികളും പള്ളിക്കുള്ളിൽ തിങ്ങിനിറഞ്ഞു. മൂന്നുമണികഴിഞ്ഞ് പള്ളിയോട് ചേർന്ന ചെറിയ ഹാളിൽ ഏതാനും മിനിറ്റ് പൊതുദർശനത്തിന് വച്ച ശേഷം പാണക്കാട്ടേക്ക് കൊണ്ടുപോകാൻ ജനക്കൂട്ടത്തിനിടയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് ആംബുലൻസിലേക്ക് കയറ്റിയത്. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നും പ്രവർത്തകർ എത്തിയിരുന്നു.
ഫെബ്രുവരി 22 നാണ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

തങ്ങളുടെ നില അതീവഗുരുതരാവസ്ഥയിലാണന്ന വാർത്ത പരന്നതോടെ ഇന്നലെ പുലർച്ചെ മുതൽ ആശുപത്രിയിലേക്ക് പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. മരണം സ്ഥിരീകരിച്ചതോടെ നൂറുകണക്കിന് പ്രവർത്തകരാണ് പാണക്കാടു തങ്ങളെ ഒരുനോക്ക് കാണാൻ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്കും അങ്കമാലി ജമാ മസ്ജിദ്ദിലേക്കും എത്തിയത്.

മുസ്ളീംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ മജീദ്, സെക്രട്ടറി ഹംസ പറക്കാട്, ബെന്നി ബഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ , മുൻമന്ത്രി ജോസ് തെറ്റയിൽ, മുൻ എം.എൽ.എ പി.ജെ.ജോയി, ആർ.എസ് പി. ജില്ലാ സെക്രട്ടറി ജോർജ്ജ് സ്റ്റീഫൻ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, സെക്രട്ടറി എം.എ. ബ്രഹ്മരാജ്, മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ. കെ.ഷിബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.കെ.എസ്.ഷാജി. കേരള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി. ബാബുജോസഫ്, സെക്രട്ടറി മാർട്ടിൻ ബി. മുണ്ടാടൻ, മുൻമേയർ ടോണി ചെമ്മണി, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, കെ.പി.ധനപാലൻ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ, മുൻ ലീഗ് നേതാവ് ടി.കെ.അഷറഫ് തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു.

 തങ്ങളുടെ സാന്നിദ്ധ്യം അറിയാതെ

ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരാലി തങ്ങൾ രണ്ടാഴ്ചയായി അങ്കമാലി ലിറ്റിൽ ഫ്ളവറിൽ ചികിത്സയിലുണ്ടായിരുന്ന കാര്യം ജില്ലയിലെ പാർട്ടി നേതാക്കളിൽ അപൂർവം പേർക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. ആശുപത്രി അധികൃതരും ഇക്കാര്യം പുറത്തറിയിച്ചില്ല. സാന്ത്വന ചികിത്സയായിരുന്നതിനാൽ ബന്ധുക്കൾക്കും ഇക്കാര്യം സ്വകാര്യമായി വയ്ക്കാനായിരുന്നു താത്പര്യം.