ആലങ്ങാട്: വീട്ടിൽ ഉപ്പയോടും ഉമ്മയോടും ചേർന്നു നിൽക്കുമ്പോഴും യുക്രെയിനിൽ മഞ്ഞുരുക്കിയ വെള്ളംകൊണ്ട് ദാഹം തീർക്കുന്ന മനുഷ്യരെക്കുറിച്ചുള്ള ആശങ്കകളാണ് സാഹിൽ ബഷീറിന്റെ മനസുനിറയെ. റഷ്യൻ ആക്രമണം ശക്തമായ കർക്കീവിൽ നിന്ന് വെളിയത്തുനാട്ട് നമ്പ്യാട്ട് പള്ളത്ത് വീട്ടിലെത്തുംവരെ കടുത്തപരീക്ഷണങ്ങളാണ് സാഹിലും സംഘവും നേരിട്ടത്. കർക്കീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് സാഹിൽ. കനത്ത പേരാട്ടം നടക്കുന്ന കർക്കീവിൽ നിന്ന് പുറത്തുകടക്കുക ഏറെ ശ്രമകരമായിരുന്നു. ടാക്‌സി കിട്ടാത്തതിനാൽ നടന്നാണ് മെട്രോ സ്‌റ്റേഷനിലെ ബേസ്‌മെന്റ് ബങ്കറിൽ അഭയം പ്രാപിച്ചത്. ഇവിടെ ദിവസങ്ങളോളം ചെലവഴിച്ചു. കൈക്കൂലി നൽകിയാണ് സാഹിൽ അടക്കമുള്ള 50 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പോളണ്ട് അതിർത്തിയിലുള്ള ലിവീവിലേക്ക് മെട്രോ ട്രെയിനിൽ ഇടം കിട്ടിയത്. ലിവീവിൽ നിന്ന് ബസ് മാർഗ്ഗം പോളണ്ട് അതിർത്തിയിലെത്തി. വഴിനീളെ ഷെല്ലാക്രമണങ്ങളും സ്‌ഫോടനങ്ങളുമായിരുന്നു. അതിർത്തി കടന്നതുമുതൽ ഇവിടെ എത്തുംവരെയുള്ള മുഴുവൻ കാര്യവും ഇന്ത്യൻ എംബസിയാണ് ചെയ്തതെന്നും സാഹിൽ പറഞ്ഞു. സുമി പ്രവിശ്യയിൽ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നുണ്ടെന്ന് സാഹിൽ പറയുന്നു. പുറത്തേക്കുള്ള പാലം യുക്രെയിൻ സൈന്യം തകർത്തതിനാൽ ഇവർക്ക് മറ്റു മാർഗ്ഗങ്ങളില്ല. ഭക്ഷണവും വെള്ളവുമില്ലാതെ മഞ്ഞുരുക്കിയ വെള്ളം കുടിച്ച് ജീവൻ നിലനിർത്തുകയാണിവർ. കഴിഞ്ഞദിവസം റുമേനിയയിൽ നിന്ന് നാട്ടിലെത്തിയ നാലാംവർഷ എം.ബി.ബി.എസ് വിദ്യാർഥിനി റിസ്വാന റഹീമിന്റെ സഹോദരനാണ് സാഹിൽ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം. അലി, കോൺഗ്രസ് നേതാക്കളായ റഷീദ് കൊടിയൻ, എം.എസ്. ഇസ്മയിൽ, നജീബ് പള്ളത്ത്, കബീർ നമ്പ്യാട്ട്, അഫ്‌സർ എന്നിവർ സാഹിലിനെ സന്ദർശിച്ച് പിന്തുണ അറിയിച്ചു.