ആലങ്ങാട്: നിർമ്മാണം പൂർത്തികരിച്ച് 8 വർഷമായിട്ടും വെളിച്ചമില്ലാത്ത പുറപ്പിള്ളിക്കാവ് പാലത്തിൽ പ്രതിഷേധ ദീപക്കാഴ്ച്ച ഒരുക്കി ബി.ജെ.പി പ്രവർത്തകർ. ബി.ജെ.പി. കരുമാല്ലൂർ, ചെറിയതേയ്ക്കാനം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പാലത്തിൽ ചെരാതുകൾ കത്തിച്ച് പ്രതിഷേധിച്ചത്. കരുമാല്ലൂർ കുന്നുകര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൽ വഴിവിളക്കില്ല. രാത്രിയായാൽ കൂരിരുട്ടായ പാലത്തിൽ ലഹരിമാഫിയ ഉൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്. ഇരുട്ടിയാൽ ഇതുവഴി പൊതുജനങ്ങൾ സഞ്ചരിക്കാറില്ല. പാലത്തിൽ വെളിച്ചമെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുക്കിയ ദീപക്കാഴ്ച ബി.ജെ.പി കരുമാലൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ് ജോൺ ഉദ്ഘാടനം ചെയ്തു. ഷാജി മുത്തേടൻ, എ.ബി. മനോഹരൻ, പി.ആർ. പ്രമോദ്, വിഷ്ണുലാൽ, രാജപ്പൻ, പി.ടി. ദാസൻ, ശ്യാം, ഷിബു തൈത്തറ, ടി.വി. വേണു, അഭിജിത്ത്, രജിത മനോജ് എന്നിവർ നേതൃത്വം നൽകി.