kakkoor-kalavayal
ആമ്പശ്ശേരിക്കാവിൽ നടന്ന ഋഷഭം എഴുന്നള്ളിപ്പിന് മുന്നോടിയായി ക്ഷേത്രമുറ്റത്തെ പ്രതീകാത്മകവയലിൽ മേൽശാന്തി പള്ളിവാളുകൊണ്ട് ഉഴുത് വിത്തുവിതയ്ക്കുന്നു.

 കൊവിഡിൽ മുടങ്ങിയ ചടങ്ങ് പുനരാരംഭിച്ചു

കൂത്താട്ടുകുളം : രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പ്രസിദ്ധമായ കാക്കൂർ കാളവയലിന് തുടക്കം കുറിച്ച് ആമ്പശ്ശേരിക്കാവിൽ ഋഷഭം എഴുന്നള്ളിപ്പ് നടന്നു. ചടങ്ങിന് മേൽശാന്തി കാക്കൂർ മംഗലത്ത് വാസുദേവൻ നമ്പൂതിരി, സുജിത്ത് വാസുദേവൻ, ശങ്കരൻ നമ്പൂതിരിപ്പാട്, പ്രസീദ് പി. നമ്പൂതിരിപ്പാട് എന്നിവർ കാർമ്മികത്വം വഹിച്ചു. ഒന്നര നൂറ്റാണ്ട് മുമ്പ് കാക്കൂർ കാളവയലിന് ആരംഭംകുറിച്ചത് ആമ്പശ്ശേരിക്കാവിൽ നിന്നായിരുന്നു.
ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രത്തിനകത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഋഷഭത്തിടമ്പ് എഴുന്നള്ളിച്ചു.
പടിക്കൽ രാമക്കുറുപ്പ് മൂന്നുതവണ ശംഖനാദം മുഴക്കിയപ്പോൾ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ആലിൻ ചുവട്ടിലുള്ള പ്രതീകാത്മകമായ വയലിൽ മേൽശാന്തി പള്ളിവാളുകൊണ്ട് ഉഴുത് വിത്തുവിതച്ചു. പഴയകാളക്കൂറ്റന്മാരുടെ പ്രതീകമായി കൊണ്ടുവന്ന കാളക്കുട്ടിയെ കുളിപ്പിച്ച് കുറിതൊടുവിച്ച് പൂമാല ചാർത്തി നിവേദിച്ച പഴം കൊടുത്ത് സന്തോഷിപ്പിക്കുന്ന ചടങ്ങും നടന്നു. ക്ഷേത്രഭാരവാഹികളായ കെ.ആർ. രാമൻ നമ്പൂതിരിപ്പാട്, അനിൽ എസ്. നമ്പൂതിരിപ്പാട്, ഹരീഷ് ആർ. നമ്പൂതിരിപ്പാട്, ബാബു അമ്പാട്ട്, സുരേന്ദ്രൻ ദേവകൃതം, അരുൺ ചിറപ്പുറത്ത്, മുതലായവർ നേതൃത്വം നൽകി. ഭൂപരിഷ്കരണനിയമം പ്രാബല്യത്തിൽ വരുംമുമ്പ് കാഞ്ഞിരപ്പിള്ളി മനവകയായിരുന്ന ആമ്പശ്ശേരിക്കുഴിപ്പുഞ്ചയിൽ ആണ് കാർഷികമേളയായ കാളവയലിന് തുടക്കം കുറിച്ചിരുന്നത്.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷം മുടങ്ങിപ്പോയ കാളവയൽ ഇത്തവണ പുനരാരംഭിച്ചതോടെ കാക്കൂരും പരിസരപ്രദേശങ്ങളും ഉത്സവലഹരിയിലാണ്. ഇന്നലെ തുടക്കം കുറിച്ച മേള 10ന് സമാപിക്കും. കാർഷിക സെമിനാർ, ജൈവകൃഷി സംവാദം, മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ പ്രദർശനം, കന്നുകാലി പ്രദർശനം, ജോഡിക്കാള മത്സരം എന്നിവയാണ് ഇത്തവണത്തെ പ്രധാന പരിപാടികൾ.