kr-narayanan

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറിയും തലയോലപ്പറമ്പ് ഗ്രാമത്തിന്റെ മുഖ്യശില്പിയും നിയമസഭാ സാമാജികനുമായിരുന്ന കെ.ആർ നാരായണന് ജന്മനാട് അർഹമായ അംഗീകാരം നൽകിയിട്ടില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കെ.ആർ നാരായണന്റെ പേരിൽ തലയോലപ്പറമ്പിലുള്ള ഓഡിറ്റോറിയം എസ്.എൻ.ഡി.പി. യോഗത്തെ ഏൽപ്പിച്ചാൽ ഒരുകോടി രൂപ മുടക്കി മനോഹരമായി പുതുക്കിപ്പണിയുമെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ. ഡി. പി യോഗം തലയോലപ്പറമ്പ് യൂണിയന്റെയും ശാഖകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.ആർ നാരായണൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. അധികാരികളുമായി ആത്മബന്ധം സ്ഥാപിച്ച് നാട്ടിൽ വികസനം സാദ്ധ്യമാക്കിയ നേതാവാണ് കെ.ആർ എന്നും അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗങ്ങൾ നിയമസഭാ ലൈബ്രറിയിലെ ഏറ്റവും പ്രധാന റഫറൻസ് ഗ്രന്ഥങ്ങളാണെന്നും മന്ത്രി പറഞ്ഞു.

സി.കെ. ആശ എം.എൽ.എ. അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു അവാർഡുകൾ സമ്മാനിച്ചു. മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട മുൻ ശാഖാ പ്രസിഡന്റ് ദിനേശന് ജനറൽ സെക്രട്ടറി ഉപഹാരം സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജി മോൾ, എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് ബിനീഷ് പ്ലാത്താനത്ത്, കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശ്ശേരി, കെ.എൻ. അശോകൻ, വി. എസ് രവി, അനി ചൊള്ളാങ്കൽ, മുദ്ര കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് എം.ജി രാഘവൻ, വി.എം വിജയൻ, ജയ അനിൽ, ധന്യ പുരുഷോത്തമൻ, വി.വി. ബിനു, അഭിലാഷ് രാമൻകുട്ടി, അച്ചു ഗോപി തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ സ്വാഗതവും വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ നന്ദിയും പറഞ്ഞു.