കോലഞ്ചേരി: പണയസ്വർണ ഇടപാടിൽ ലാഭവാഗ്ദാനംനൽകി ലക്ഷങ്ങൾ തട്ടിയതായി പരാതി . സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരും ജീവനക്കാരുമടക്കം 9 പേർക്കെതിരെ കേസെടുത്തു. മണീട് സ്വദേശി ജെയ്സൺ ജോണിയുടെ കൈയിൽനിന്ന് 36 ലക്ഷംരൂപ തട്ടിയെന്ന പരാതിയിലാണ് പുത്തൻകുരിശ് പൊലീസ് കേസെടുത്തത്. ധനകാര്യ സ്ഥാപനങ്ങളിൽ പണയമിരുന്ന് തീറായിപ്പോകുന്ന പഴയസ്വർണം വിലക്കെടുത്ത് ഉരുക്കി തങ്കമാക്കി വില്പന നടത്തി വൻതുക ലാഭമുണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിപ്പിച്ചാണ് പണംതട്ടിയതെന്ന് പരാതിയിൽ പറയുന്നു. ബിസിനസിൽ ലാഭം വാഗ്ദാനംചെയ്ത് 2021 മേയ് 27 മുതൽ ഒക്ടോബർ 29 വരെയുള്ള കാലയളവിൽ പ്രതികളുടെ അക്കൗണ്ട് വഴി 36 ലക്ഷം വിവിധ ഘട്ടങ്ങളിലായി കൈപ്പറ്റിയെന്നാണ് പരാതി. എന്നാൽ ലാഭവിഹിതം കിട്ടാതെ വന്നതോടെ പ്രതികളെ സമീപിച്ചതന്നെ കൈയേറ്റം ചെയ്തതായും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ പറയുന്നു. ഇതിനെത്തുടർന്നാണ് നിയമനടപടികൾ ആരംഭിച്ചത്.