കൊച്ചി: ചേരാനെല്ലൂരിലെ തയ്യൽ തൊഴിലാളിയായ വീട്ടമ്മയുടെ ഒന്നരപവന്റെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ കള്ളൻ ഉപയോഗിച്ചത് മോഷ്ടിച്ച സ്കൂട്ടർ ! ചേരാനെല്ലൂർ എൽ.പി. സ്കൂളിന് സമീപം തയ്യൽക്കട നടത്തുന്ന കളത്തിപ്പറമ്പ് വീട്ടിൽ ഐവി റോബർട്ട് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവ് എത്തിയത് എറണാകുളം കടവന്ത്രയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായാണെന്ന് കണ്ടെത്തിയത്. സി.സി.ടിവിയിൽ നിന്ന് സ്കൂട്ടറിന്റെ നമ്പർ പരിശോധിച്ച് പൊലീസ് ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് സ്കൂട്ടർ മോഷണം പോയവിവരം ഇയാൾ അറിയുന്നത്. എറണാകുളം സപ്ലൈക്കോ ആസ്ഥാനത്തെ ജീവനക്കാരനായ സ്കൂട്ടർ ഉടമ കടവന്ത്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
രാവിലെ സ്ഥാപനത്തിലെത്തിയെങ്കിലും ഇയാൾ സ്കൂട്ടറിൽ നിന്ന് കീയെടുക്കാൻ മറന്നിരുന്നു. സ്കൂട്ടറിൽ വച്ചിരുന്ന ഭക്ഷണമെടുക്കാൻ ഉച്ചയ്ക്ക് എത്തിയെങ്കിലും വാഹനം പാർക്കിംഗ് ഏരിയയിൽ കണ്ടിരുന്നില്ല. സുഹൃത്തുക്കൾ കൊണ്ടുപോയതാകുമെന്നാണ് വിചാരിച്ചിരുന്നത്. ഇതിനിടെയാണ് പൊലീസിന്റെ വിളിയെത്തുന്നത്. കഴിഞ്ഞ ദിവസമാണ് മാലപൊട്ടിച്ച് യുവാവ് കടന്നുകളഞ്ഞത്. കടയ്ക്ക് മുന്നിൽ ഏറെ നേരം കാത്തുനിന്ന യുവാവ് പൊടുന്നനെ മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ബഹളംവച്ച് ഐവി പിന്നാലെ കൂടിയെങ്കിലും മോഷ്ടാവ് സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ മാസങ്ങളിലും ചേരാനെല്ലൂരിൽ സമാനരീതിയിൽ മാലപൊട്ടിക്കൽ നടന്നിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊച്ചിയിൽ ബൈക്ക് മോഷണം വ്യാപകമാണെന്നും വീൽ ലോക്കുകൾ ഉപയോഗിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.