കൊച്ചി: മുസ്ളീം ലീഗ് സംസ്ഥാന പ്രസിഡന്റും ആത്മീയാചാര്യനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അനുശോചിച്ചു.
ഹൈദരലി തങ്ങൾ നന്മയുടെ ആൾരൂപമായിരുന്നു. ദേശീയതയുടെ വക്താവും മതേതരത്വത്തിന്റെ പ്രതീകവുമായിരുന്നു. വർഗ്ഗീയ ചേരിതിരിവുകൾ സൃഷ്ടിക്കാൻ ശ്രമിച്ച ശക്തികൾക്ക് മുമ്പിൽ സൂഫി ഭാവം മുറുകെപ്പിടിച്ച് എല്ലാവരെയും ചേർത്തണച്ച ആത്മീയനേതാവായിരുന്നു. അധികാരത്തിന്റെയും ആൾക്കൂട്ടത്തിന്റെയും അഭിരാമമില്ലാതെ എന്നും പാവപ്പെട്ടവന്റെ അത്താണിയായിരുന്നു അദ്ദേഹം.
കെ.ബാബു എം.എൽ.എ
കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിദ്ധ്യമായിരുന്നു ഹൈദരലി തങ്ങൾ. മതസൗഹാർദ്ദത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത മനസായിരുന്നു അദ്ദേഹത്തിന്റേത്. സമകാലിക കേരളത്തിന് കനത്ത ആഘാതമാണ് അദ്ദേഹത്തിന്റെ വേർപാട്.
ഡോ. ജോർജ് കളത്തിപ്പറമ്പിൽ
മേജർ ആർച്ച് ബിഷപ്പ്
പാണക്കാട് ഹൈദരലി തങ്ങളുടെ വേർപാട് തീരാനഷ്ടമാണ്. മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നതിന് അദ്ദേഹം നൽകിയ നേതൃത്വവും ഇടപെടലുകളും എക്കാലത്തും സ്‌മരിക്കപ്പെടും.
കുരുവിള മാത്യൂസ്
സംസ്ഥാന ചെയർമാൻ
നാഷണലിസ്റ്റ് കേരള കോൺഗ്രസ്
ഹൈദരലി തങ്ങളുടെ വിയോഗത്തിൽ അനുശോചിക്കുന്നു.
ഷിബു തെക്കുംപുറം
യു.ഡി.എഫ് ജില്ലാ കൺവീനർ