thingal
ലോക വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പി. നടപ്പാക്കുന്ന ഒരു ലക്ഷം സൗജന്യ മെനസ്ട്രൂവൽ കപ്പ് വിതരണ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചി ഐ.എം.എ ഹൗസിൽ നടി പാർവ്വതി തിരുവോത്ത് നിർവ്വഹിക്കുന്നു. ഡോ.വേണു രാജാമണി, ഹൈബി ഈഡൻ എം.പി, ഡോ.മരിയ വർഗീസ്, ഡോ. അനിത തിലകൻ, ഷീല കൊച്ചൗസേപ്പ് തുടങ്ങിയവർ സമീപം.

എറണാകുളത്ത് മെൻസ്ട്ര്വൽ കപ്പ് വിതരണപദ്ധതി​ തുടങ്ങി​. 'തി​ങ്കൾ' എന്ന പേരി​ൽ കുമ്പളങ്ങി​ പഞ്ചായത്തി​ലാണ് പദ്ധതി​ക്ക് തുടക്കം കുറി​ച്ചത്.

കൊച്ചി : പാരി​സ്ഥി​തി​ക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടി​ക്കുന്ന സാനി​ട്ടറി​ നാപ്കി​നുകൾക്ക് പകരമുള്ള മെൻസ്ട്ര്വൽ കപ്പ് ഒരു ലക്ഷം വനി​തകൾക്ക് നൽകാനുള്ള ഹൈബി​ ഈഡൻ എം.പി​യുടെ പദ്ധതി​ക്ക് തുടക്കമായി​.

പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചി ഐ.എം.എ ഹൗസിൽ നടി പാർവ്വതി തിരുവോത്ത് നിർവ്വഹിച്ചു.

മെൻസ്ട്ര്വൽ കപ്പ് ഉയോഗിക്കുന്നതിലൂടെ ആർത്തവസമയത്ത് സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക അസൗകര്യങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാകുമെന്ന് പാർവ്വതി അഭിപ്രായപ്പെട്ടു.

പുരുഷന്മാർ മികച്ച കേൾവിക്കാർ ആകണമെന്നും ആർത്തവ സമയത്തും ജോലിസമയത്തും സ്ത്രീകൾ അഭിമുഖീകരിക്കുന്ന ശാരീരിക മാനസിക പ്രയാസങ്ങളെക്കുറിച്ച് ബോധവാൻമാരാകണമെന്നും പാർവ്വതി ഓർമ്മിപ്പിച്ചു.

കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ. മരിയ വർഗീസ്, സെക്രട്ടറി ഡോ.അനിത തിലകൻ. മുൻ അംബാസിഡർ ഡോ. വേണു രാജാമണി, കുടുംബശ്രീ മിഷൻ അസി. ജില്ലാ കോർഡിനേറ്റർ എം.ബി. പ്രീതി , ജില്ലാ വിമൻ ആന്റ് ചൈൽഡ് ഡവലപ്‌മെന്റ് ഓഫീസർ പ്രേംന മനോജ് ശങ്കർ, ഡോ. ഫെസി ലൂയിസ്, മിസിസ്സ് ഇന്ത്യ ഡോ. സുനിത ഹരീഷ്, തുടങ്ങിയവർ പ്രസംഗിച്ചു.

എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ വിവിധ സർക്കാർ, സർക്കാരിതര സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലോക വനിതാദിനത്തിന്റെ ഭാഗമായി എറണാകുളം പാർലമെന്റ് മണ്ഡലത്തി​ൽ ഹൈബി​ ഈഡൻ എം.പി​ നടപ്പാക്കുന്നതാണ് പദ്ധതി​. കൊച്ചി ഐ.എം.എയുടെയും ഗ്രീൻ കൊച്ചി മിഷന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളിലൂടെയാണ് കപ്പുകളുടെ വിതരണം.

 ആർത്തവശുചിത്വ രംഗത്ത് സമഗ്ര മുന്നേറ്റം പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആകാൻ സാധിച്ചതിൽ അഭിമാനമുണ്ട്.

പാർവ്വതി തിരുവോത്ത്

 എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഒരു ലക്ഷം സ്ത്രീകൾക്ക് മെൻസ്ട്ര്വൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുന്ന ഈ പദ്ധതി ലോക റെക്കാഡാകും.

ഹൈബി ഈഡൻ എം.പി