
അങ്കമാലി: അങ്കമാലിയിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് വാവാട്ട് കൊടുവള്ളി അടിമാറിക്കര വീട്ടിൽ മുഹമ്മദ് സാഹിറി(28)നെയാണ് പറവൂർ,അങ്കമാലി പൊലീസ് സംയുക്തമായി അറസ്റ്റ് ചെയ്തത്. ഇയാൾ താമസിച്ചിരുന്ന കരയാംപറമ്പിലെ ഫെഡറൽ സിറ്റി ഫ്‌ളാറ്റിന്റെ പാർക്കിംഗ് ഏരിയയിലെ കാറിൽ നിന്ന് പതിനൊന്നര കിലോയോളം കഞ്ചാവും ഒന്നരക്കിലോ ഹാഷിഷ് ഓയിലും പിടികൂടി. കഴിഞ്ഞ ദിവസം ലഹരി ഉത്പന്നങ്ങളുടമായി പറവൂർ പോലീസ് പിടികൂടിയ രണ്ടു പേരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്കമാലി പൊലീസ് പരിശോധന നടത്തിയത്. കാറിന്റെ പിൻസീറ്റിൽ ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ.
പറവൂരിൽ പിടിയിലായവർക്ക് ലഹരി ഉത്പന്നങ്ങൾ എത്തിച്ചു നൽകുന്നത് മുഹമ്മദ് സാഹിറാണ്. ഒറീസയിൽ നിന്നാണ് സാഹിർ കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി പ്രത്യേക പരിശോധനകൾ നടക്കുന്നുണ്ട്. മുനമ്പം ഡി.വൈ.എസ്.പി.എസ്.ബിനു, നോർത്ത് പറവൂർ ഇൻസ്‌പെക്ടർ ഷോജോ വർഗീസ്,അങ്കമാലി ഇൻസ്‌പെക്ടർ സോണി മത്തായി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.