മൂവാറ്റുപുഴ: കൂത്താട്ടുകുളം - മൂവാറ്റുപുഴ റോഡിൽ ഉന്നകുപ്പ മൗണ്ടിന് സമീപം റോഡരികിലെ മാലിന്യത്തിന് തീപിടിച്ചു. എം.സി റോഡിൽ തള്ളിയിരുന്ന മാലിന്യ ശേഖരത്തിനാണ് കഴിഞ്ഞദിസവം തീപിടിച്ചത്. തീയും പുകയും അന്തരീക്ഷത്തിലാകെ വ്യാപിച്ചതോടെ നാട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. മണിക്കൂറുകൾ എടുത്താണ് തീ അണച്ചത്. മൗണ്ടിന് താഴെയുള്ള പൈനാപ്പിൾ തോട്ടത്തിലേക്ക് തീപടരാതെ ഫയർഫോഴ്സ് പ്രത്യേകം ശ്രദ്ധിച്ചതിനാൽ വലിയനഷ്ടം ഒഴിവായി. അസി. സ്റ്റേഷൻ ഓഫീസർ മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ കെ.എം. ഇബ്രാഹിം, നന്ദു മനോജ്, ഷെമീർഖാൻ, സി. നിഖിൽ, അനീഷ്‌കുമാർ എന്നിവരാണ് തീയണച്ചത്.