കോതമംഗലം: നേര്യമംഗലം നെല്ലിമറ്റത്ത് ഭാര്യയും വീട്ടുകാരും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽചെന്ന് യുവാവ് ആത്മാഹുതി ചെയ്തു. ഇടുക്കി കൊന്നത്തടി മുക്കുടം സ്വദേശി ബിനുവാണ് (35) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഭാര്യയും മകനും ഭാര്യയുടെ കുടുംബവും താമസിക്കുന്ന നെല്ലിമറ്റം കോളനിപ്പടി കണ്ണാടിക്കോടിലെ വാടകവീടിന്റെ സിറ്റൗട്ടിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. അവിടെ വച്ചുതന്നെ മരിച്ചു. തീയാളിപ്പടർന്നതിനെത്തുടർന്ന് ജനൽ ചില്ലുകൾ പൊട്ടിത്തകർന്നിട്ടുണ്ട്. ശരീരം പൂർണമായി കത്തിയ നിലയിലാണ്. ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് സംഭവം. ആ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഭാര്യയും വീട്ടുകാരും തറവാട്ടുവീട്ടിൽ പോയിരിക്കുകയായിരുന്നു. മുകൾനിലയിലെ വാടകക്കാരാണ് നിലവിളികേട്ട് ഓടിയെത്തിയത്.
പത്തുവർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ് ബിനുവും ഭാര്യ ശരണ്യയും. എട്ട് വയസുള്ള മകനുണ്ട്. കുറച്ചു നാളായി വേർപിരിഞ്ഞു കഴിയുകയാണ്. ശരണ്യ കുറച്ചുനാളായി വിദേശത്ത് ജോലിചെയ്ത് വരികയായിരുന്നു. മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പലപ്പോഴും ശരണ്യയുമായി ബിനു ഫോണിലും മറ്റും തർക്കിക്കുമായിരുന്നു. ഏതാനും ദിവസം മുമ്പാണ് ശരണ്യ വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ബിനു ശരണ്യയേയും മകനേയും കാണാൻ പല പ്രാവശ്യം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. കഴിഞ്ഞദിവസം ഇരുവരേയും കാണാൻ ബിനു നെല്ലിമറ്റത്തെ വാടകവീട്ടിൽ എത്തിയിരുന്നു. തുടർന്ന് തർക്കമുണ്ടായി. പൊലീസ് ഇടപെടൽ ഉണ്ടായതോടെ ബിനു തിരിച്ചുപോന്നു. ഇന്നലെ നെല്ലിമറ്റത്തെ വീട്ടിൽ ഭാര്യയും മകനും ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ കാറിൽ ബിനു എത്തുകയായിരുന്നു. വീട്ടിൽ ആരെയും കാണാതായതോടെ ബിനു നിരാശനായി കടുംകൈ ചെയ്തെന്നാണ് പൊലീസ് അനുമാനം.
ഊന്നുകൽ പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.