കോലഞ്ചേരി: സിമെന്റ് ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾക്ക് പകരം ജിയോപോളിമെർ സാങ്കേതികവിദ്യ ഫലപ്രദമാണെന്ന് കണ്ടെത്തൽ. കടയിരുപ്പ് ശ്രീനാരായണ എൻജിനീയറിംഗ് കോളേജിലെ സിവിൽ എൻജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. ഡോ. എസ്. ഉഷയാണ് ഗവേഷണം നടത്തിയത്. സുസ്ഥിരവും കാർബൺഡയോക്സൈഡ് ബഹിർഗമനം കുറഞ്ഞ രീതിയുമാണിത്. നിലവിലുള്ള സിമെന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രകൃതിദത്തമായ വിഭവങ്ങളുടെ ഉപഭോഗം പരമാവധി കുറക്കാനും ഈ വിദ്യകൊണ്ട് കഴിയുമെന്നാണ് പഠനം പറയുന്നത്. ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനീയേഴ്സ് ഇന്ത്യ കൊച്ചി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക എൻജിനീയറിംഗ് ദിനത്തിൽ നടത്തിയ വെബിനാറിൽ ഇതു സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചു. ജിയോപോളിമെർ സാങ്കേതികവിദ്യ സംബന്ധിച്ച തുടർ ഗവേഷണങ്ങളും ഡോ. ഉഷ നടത്തുന്നുണ്ട്. ജിയോപോളിമെർ സാങ്കേതിക വിദ്യയ്ക്ക് വ്യവസായ ഉപോത്പന്നങ്ങളായ ഫ്ളൈ ആഷ്, റൈസ് ഹസ്ക് ആഷ്, ടെറാക്കോട്ട ടൈൽ എന്നിവ ഉപയോഗിക്കാം.