കാലടി: ജില്ലയിലെ അക്ഷയ സംരംഭകർ പതിനഞ്ചിന ആവശ്യങ്ങൾ ഉന്നയിച്ച് സമരത്തിലേക്ക്. പത്താംതീയതി ജില്ലയിലെ അക്ഷയകേന്ദ്രങ്ങൾ അടച്ചിടുമെന്ന് ഭാരവാഹികൾ പറഞ്ഞു. പത്തുവർഷങ്ങളായി പുതുക്കാത്ത സേവനനിരക്ക് വർദ്ധിപ്പിക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നൂറുകണക്കിന് വ്യാജകേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക, അക്ഷയ ക്ഷേമനിധി, വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പണിക്കൂലി എന്നിവ സമയബന്ധിതമായി നൽകുക, പുതിയ പ്രോജക്ടുകൾക്ക് സേവനനിരക്ക് അക്ഷയ പ്രതിനിധികളുമായി ആലോചിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. വ്യാജജനസേവന കേന്ദ്രങ്ങൾ നിരവധിയുണ്ടെന്നും കളക്ടർമാർ ഇത്തരം കേന്ദ്രങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഇത്തരം കേന്ദ്രങ്ങൾ അക്ഷയ കേന്ദ്രങ്ങളുടെ നിലനൽപ്പിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ജില്ലാ അക്ഷയ സംരംഭക കൂട്ടായ്മ കൺവീനർ കെ.എൻ.സാജു പറഞ്ഞു.