ആലുവ: എടയാർ വ്യവസായ മേഖലയിൽ വ്യവസായവകുപ്പ് സ്ഥാപിക്കുന്ന നിർദ്ദിഷ്ട മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെ ജനകീയപ്രതിഷേധം ശക്തമാകുന്നു. ഐ.ആർ.ഇ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് 2.5 ഏക്കർ സ്ഥലമാണ് മാലിന്യസംസ്കരണ പ്ളാന്റിനായി സർക്കാർ നീക്കിയിട്ടുള്ളത്. ഏത് തരത്തിലുള്ള മാലിന്യങ്ങളാണ് സംസ്കരിക്കുന്നതെന്ന കാര്യത്തിൽ നാട്ടുകാരിൽ അവ്യക്തത തുടരുകയാണ്. ജൈവമാലിന്യമെന്നും ഖരമാലിന്യമെന്നും നേരത്തെ സംസാരമുണ്ടായിരുന്നു. പിന്നീട് കെട്ടിട നിർമ്മാണവശിഷ്ടങ്ങളാണെന്നും ഇപ്പോൾ മത്സ്യമാലിന്യങ്ങളാണെന്നും പറയുന്നു. ഏതുതരം മാലിന്യമായാലും ജനവാസമേഖലയിൽ മാലിന്യസംസ്കരണപ്ളാന്റ് സ്ഥാപിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. വ്യവസായമേഖലയിൽ നിന്നുള്ള വായുമലിനീകരണം തന്നെ പ്രദേശവാസികളെ പലരേയും രോഗികളാക്കിയിരിക്കുകയാണ്. ഇതിനിടെ അന്തരീക്ഷ മലിനീകരണം സൃഷിച്ച് മാലിന്യസംസ്കരണ പ്ളാന്റുകൂടിവരുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും അവർ പറയുന്നു.
പെരിയാറും പാടശേഖരവും നശിക്കും
നിർദ്ദിഷ്ട മാലിന്യ സംസ്കരണ പ്ളാന്റ് യാഥാർത്ഥ്യമായാൽ സമീപത്തുകൂടി ഒഴുകുന്ന പെരിയാറും പാടശേഖരവും നശിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്ലാന്റിനായി അനുവദിച്ച സ്ഥലം ഇന്നലെ ചുറ്റുമതിൽ കെട്ടി തിരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തുമെന്ന സൂചനയെത്തുടർന്ന് സംഘടിതമായി തടയുന്നതിനായി ഭരണകക്ഷിയായ സി.പി.എം ഉൾപ്പെടെ എല്ലാ രാഷ്ട്രീയപാർട്ടികളിലുംപെട്ടവർ എത്തിയിരുന്നു. ഇതറിഞ്ഞ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ല. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് സമരവുമായെത്തിയത്.
മന്ത്രി പി. രാജീവ് ഇടപെട്ടു
ജനകീയപ്രതിഷേധം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പി. രാജീവിനെ അറിയിച്ചതിനെത്തുടർന്ന് ചർച്ചയ്ക്ക് അവസരമൊരുങ്ങി. ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതേത്തുടർന്ന് രാവിലെ നടന്ന പ്രതിഷേധം സമരസമിതി അവസാനിപ്പിച്ചു. പ്രസിഡന്റിനെ കൂടാതെ വാർഡ് മെമ്പർ സുനിതകുമാരി, വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളായ വി.കെ. ഷാനവാസ്, ടി.ജെ. ടൈറ്റസ്, നാസർ എടയാർ (കോൺഗ്രസ്), പി.ജെ. അനിരുദ്ധൻ, സി.കെ. ഉണ്ണി (സി.പി.എം), എൻ.പി. പ്രഭാകരൻ, രതീഷ് (ബി.ജെ.പി), കെ.ഇ. സുബൈർ, ടി.ഇ. ഇസ്മയിൽ (സി.പി.ഐ), നൗഷാദ്, എം.എ. ഷാജി (മുസ്ലിംലീഗ്), പി.ഇ. ഷംസു, അഷ്‌റഫ് തപ്പിലാൻ, അബ്ദുൾസലാം, ഫൈസൽ എന്നിവരും ജനകീയസമിതി ഭാരവാഹികളായ ടി.ബി. ഷിയാസ്, മഹേഷ്‌കുമാർ എന്നിവരും സമരത്തിന് നേതൃത്വം നൽകി.