വൈപ്പിൻ: സഹോദരൻ അയ്യപ്പൻ ചിന്തിച്ച വഴികളിലൂടെയാണ് കേരളം സഞ്ചരിക്കുന്നതെന്നും സഹോദരന്റെ ചിന്തകൾക്ക് പ്രസക്തിയേറി വരികയാണെന്നും അയിത്തത്തിനും അനാചാരത്തിനുമെതിരെ അഹോരാത്രം പോരാടിയ മഹാനായിരുന്നു സഹോദരൻ അയ്യപ്പനെന്നും കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ സഹോദരൻ അയ്യപ്പന്റെ 54-ാമത് ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാരകകമ്മിറ്റി വൈസ് ചെയർമാൻ സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. കേരളസ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.കെ.കെ. ജോഷി, സ്മാരക കമ്മിറ്റി സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
സഹോദരൻ അയ്യപ്പന്റെ അന്ത്യവിശ്രമസ്ഥലമായ തോട്ടുമുഖം ശ്രീനാരായണഗിരിയിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയും സ്മാരകകമ്മിറ്റി ഭാരവാഹികളും പുഷ്പാർച്ചന നടത്തി.