photo
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി 2021 ൽ നടപ്പാക്കിയ പദ്ധതികളുടെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശന സമ്മേളനം എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഒരുവർഷം പൂർത്തിയാക്കിയതിനെത്തുടർന്ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി 2021ൽ നടപ്പാക്കിയ പദ്ധതികളുടെ പ്രോഗ്രസ് റിപ്പോർട്ട് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ പ്രകാശിപ്പിച്ചു. കാർഷിക സർവകലാശാല മുൻ ഡീൻ ഡോ. കെ.എസ്. പുരുഷൻ ഏറ്റുവാങ്ങി. പൊതുജനവുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഭരണസംവിധാനമായ തദ്ദേശസ്ഥാപനങ്ങൾക്ക് ഉത്തമമാതൃകയാണ് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെന്ന് എം.എൽ.എ പറഞ്ഞു.എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ്, ഡോ. കെ.കെ. ജോഷി, ഇ.കെ. ജയൻ, സുബോധ ഷാജി, ജിജി വിൻസെന്റ്, ഇ.പി. ഷിബു, ഷെന്നി ഫ്രാൻസിസ്, സുജ വിനോദ്, ശാന്തിനി പ്രസാദ്, സെക്രട്ടറി ശ്രീദേവി കെ. നമ്പൂതിരി എന്നിവർ സംസാരിച്ചു.

ഒരു കലണ്ടർ വർഷത്തിൽ 23കോടി രൂപയുടെ വികസന ക്ഷേമപ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കി. പട്ടികജാതി ക്ഷേമത്തിനും തൊഴിലുറപ്പിനും എട്ടരക്കോടിയിലേറെയും ഭവനനിർമ്മാണത്തിന് ഒരുകോടിയിലേറെയും രൂപ വിനിയോഗിച്ചു. കാർഷികമേഖലയിൽ 34,60,152 രൂപ, ക്ഷീരവികസനത്തിൽ 44,82,930 രൂപ, ആരോഗ്യരംഗത്ത് 88,12,475 രൂപ, ശുചിത്വം, കുടിവെള്ളം എന്നിവയ്ക്ക് 41,44,732 രൂപ എന്നിങ്ങനെയാണ് ചെലവിട്ടത്.