padam

കൊച്ചി: കുടുംബങ്ങളിൽ നുഴഞ്ഞുകയറി ജീവിതബന്ധങ്ങൾ തകർക്കാ‌ൻ ഒരുമ്പെടുന്നവ‌ർ സൂക്ഷിക്കുക. നിങ്ങളെ നോട്ടമിട്ട് കൊച്ചിയിൽ ഒരു ലേഡി ജെയിംസ് ബോണ്ടുണ്ട് ! പേര് സന്ധ്യ. എളമക്കരയിലാണ് സന്ധ്യയുടെ മാക് ഐ സിക്‌സ് ഡിറ്റക്ടീവ് ഏജൻസി. സ്ത്രീകൾക്ക് കരുത്തും ധൈര്യവും പകർന്ന് രഹസ്യാന്വേഷണ രംഗത്ത് ഒരുപതിറ്റാണ്ട് പിന്നിടുകയാണ് 41കാരിയായ ഈ ലേഡി സി.ഐ.ഡി.

കണ്ണമാലി സ്വദേശിയായ സന്ധ്യ ഡിഗ്രി പഠനം കഴിഞ്ഞുനിൽക്കെ അപ്രതീക്ഷിതമായാണ് രഹസ്യാന്വേഷണ മേഖലയിലേക്ക് ചുവടുവച്ചത്. കൊച്ചിയിലെ ഒരു സ്വകാര്യ ഡിറ്റക്ടീവ് സ്ഥാപനത്തിലെ ജൂനിയ‌ർ സി.ഐ.ഡി ആയാണ് തുടക്കം. എതി‌‌ർപ്പുകളേറെ ഉണ്ടായെങ്കിലും വീട്ടുകാ‌ർ പിന്തുണച്ചതോടെ, സന്ധ്യ സി.ഐ.ഡിയായി. രാത്രിവരെ നീളുന്ന ഓപ്പറേഷനുകളിൽ സഹപ്രവർത്തകരുടെ പിന്തുണയും ബലംപക‌ർന്നു.

2019ലാണ് സന്ധ്യ വനിതകൾക്കായി മാക് ഐ സിക്സ് തുടങ്ങുന്നത്. ഭർത്താവ് രാജേഷിന്റെ പിന്തുണയാണ് വനിതകൾ അധികമാരും കൈവയ്ക്കാത്ത മേഖലയിൽ തന്റേതായൊരിടം കണ്ടെത്താൻ സന്ധ്യയ്ക്ക് ധൈര്യം പക‌ർന്നത്.

സ്ഥാപനത്തിലെ മൂന്ന് ജീവനക്കാ‌രും വനിതകൾ. എല്ലാ ജില്ലകളിലും മാക് ഐയ്ക്ക് സി.ഐ.ഡികളുണ്ട്. ഭൂരിഭാഗവും വനിതകൾ. കുടുംബജീവിതവുമായി ബന്ധപ്പെട്ട കേസുകളാണ് അധികവും കൈകാര്യം ചെയ്യുന്നത്. വിദേശത്ത് നിന്നുവരെ സന്ധ്യയുടെ സഹായം തേടുന്നവ‌രുണ്ട്. പൊലീസിനെ സമീപിക്കാൻ മടിക്കുന്നവരാണ് അധികവും. പ്രശ്നങ്ങൾ കഴമ്പുണ്ടെങ്കിൽ മാത്രമേ അന്വേഷിക്കൂ. ഭൂരിഭാഗം കേസുകളിലും പ്രശ്നങ്ങൾ പരിഹരിച്ച് പങ്കാളികളെ ഒന്നിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇത്തരം കേസുകൾ ക്ലോസ് ചെയ്യുമ്പോൾ സന്തോഷം ഏറെയാണെന്നും സന്ധ്യ പറയുന്നു. ആലപ്പുഴക്കാരനായ ഭർത്താവ് രാജേഷ് കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. മകൻ അ‌ർജുൻ.