 
അങ്കമാലി: ചാലക്കുടി ഇടതുകര കനാലിന്റെ പാറക്കടവ് ബ്രാഞ്ചിലേക്ക് വെള്ളംപോകുന്ന കനാൽ കവിത്തൊഴുകി പന്തയ്ക്കൽ പ്രദേശത്ത് വ്യാപകമായ നാശംവിതച്ചു. വീടുകളിൽ വെള്ളം കയറി. കൃഷി നാശവുമുണ്ടായി. ഉദയപുരം, പന്തയ്ക്കൽ, വാഴച്ചാൽ പ്രദേശങ്ങളിലാണ് കനാൽ കരകവിഞ്ഞത്.
പന്തയ്ക്കൽ പൈനാടത്ത് കിടങ്ങുക്കാരൻ അവരാച്ചൻ, ചിരപറമ്പിൽ ഷിജ്യു, പാലാട്ടി ഷിജോ തുടങ്ങിയരുടെ വീടുകളിലും കളപറമ്പർ വറുതുണ്ണി, ചിറയ്ക്കൽ അയിരുക്കാരൻ ദേവസിക്കുട്ടി, വെമ്പിൽ ആന്റണി, ഷിബു, പലാട്ടി ജേക്കബ്, പൈനാടത്ത് പോളച്ചൻ എന്നിവരുടെ പറമ്പുകളിലും വെെള്ളം കയറി. പുളിയനം, മാമ്പ്ര, വട്ടപ്പറമ്പ് പ്രദേശങ്ങളിലെ ഇടത് കരകനാലിന്റെ ആയകെട്ട് പ്രദ്ദേശത്ത് വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് കനാലിലൂടെ കൂടുതൽ വെള്ളം ഒഴുക്കിയതാണ് കവിത്തൊഴുകാൻ കാരണമായതെന്നാണ് പരാതി. പാലംമുതൽ പന്തയ്ക്കൽ മരങ്ങാടംബ്രാഞ്ച് കനാൽവരെ കനാലിന്റെ ഭിത്തികളുടെ ഉയരംകൂട്ടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കനാൽ കവിത്തൊഴുകി നാശം സംഭവിച്ച പ്രദേശത്തുള്ളവരുടെ ആവശ്യം.